14 November Wednesday
പതിനായിരം രൂപ ധനസഹായം

വിതരണം പൂർത്തിയാകുന്നു; ഇതുവരെ നൽകിയത‌് 6.20 കോടി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
പാലക്കാട‌്
ജില്ലയിൽ പ്രളയബാധിതർക്കുള്ള അടിയന്തര ആശ്വാസ ധനസഹായമായി സർക്കാർ നൽകുന്ന പതിനായിരം രൂപയുടെ വിതരണം പൂർത്തിയാകുന്നു. ബാങ്കിലൂടെയാണ‌് ധനസഹായം നൽകുന്നത‌്. ഇതുവരെ 6199 കുടുംബങ്ങൾക്കായി 6,19,90,000 രൂപ നൽകിക്കഴിഞ്ഞതായി എഡിഎം ടി വിജയൻ അറിയിച്ചു. 
ആധാർ കാർഡും മറ്റുരേഖകളും നഷ്ടപ്പെട്ടവർക്ക‌് ഇവ ലഭ്യമാക്കുന്നതും അവസാനഘട്ടത്തിലാണ‌്. പ്രളയത്തിൽ വീട്ടിൽ വെള്ളംകയറി ബന്ധുവീട്ടിൽ കഴിഞ്ഞ കുടുംബങ്ങൾക്കും ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ കുടുംബങ്ങൾക്കും ആശ്വാസ ധനസഹായമായി പതിനായിരം രൂപ നൽകുന്നത‌്. ബാങ്ക‌് അക്കൗണ്ടിലേക്കാണ‌് ധനസഹായം ലഭിക്കുന്നത‌്. ജില്ലയിൽ ധനസഹായത്തിന‌ുള്ള അപേക്ഷകൾ ലഭിച്ചത‌് ഇക്കഴിഞ്ഞ ബുധനാഴ‌്ച വരെ 7420 കുടുംബങ്ങളുടേതെന്ന‌് എഡിഎം പറഞ്ഞു. ഇതിൽ 6199 കുടുംബങ്ങൾക്ക‌് ബാങ്കിലേക്ക‌് തുക നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക്‌ തുക നൽകുന്നതും പൂർത്തിയാകുകയാണ‌്. ധനസഹായം ലഭിച്ചത‌് കുടുംബങ്ങൾക്ക‌് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതോടെ ആധാറും ബാങ്ക‌് പാസ‌്ബുക്കും മറ്റു രേഖകളും നഷ്ടപ്പെട്ടവർക്കും ഇത‌് ലഭ്യമാക്കുന്നതും തുടരുകയാണ‌്. 
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌്തന്നെ ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അക്ഷയകേന്ദ്രം വഴിയാണ‌് ആധാർ കാർഡുകളുടെ വിതരണം. ഇതിനിടെ പ്രളയത്തിൽ വീട‌് പൂർണമായി നശിച്ചവർക്കും ഭാഗികമായി നശിച്ചവർക്കുമുള്ള ധനസഹായവിതരണത്തിനുള്ള നടപടികളും അവസാനഘട്ടത്തിലാണ‌്. ഇതിനായി ആപ‌് സർക്കാർ തയ്യാറാക്കിയിട്ടുണ്ട‌്. ആപ്പിലേക്ക‌് സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top