19 September Wednesday
മുറ്റത്തെ മുല്ല

10 കോടി രൂപ വായ‌്പ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
പാലക്കാട‌്
വട്ടിപ്പലിശക്കാരിൽനിന്ന‌് സ‌്ത്രീകളെയും സാധാരണക്കാരെയും സഹായിക്കാൻ സംസ്ഥാന സഹകരണവകുപ്പ‌്  ആരംഭിച്ച ‘മുറ്റത്തെ മുല്ല’ ലഘുവായ‌്പാ പദ്ധതിയിലൂടെ രണ്ടു മാസത്തിനിടെ പത്തു കോടി രൂപ വായ‌്പ നൽകി. 112 കുടുംബശ്രീകൾക്കാണ‌് വായ‌്പ ലഭ്യമാക്കിയത‌്.  
രണ്ടാംഘട്ടത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെ എല്ലാ വാർഡിലെയും കുടുംബശ്രീകൾക്ക‌് വായ‌്പ ലഭ്യമാക്കാൻ ജില്ലാ സഹകരണബാങ്കിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിൽ തീരുമാനിച്ചു. കുടുംബശ്രീ ജില്ലാ കോ‐ഓഡിനേറ്റർ പി സെയ‌്തലവി പദ്ധതി പുരോഗതി വിലയിരുത്തി. സഹകരണ വകുപ്പ‌് ജോയിന്റ്‌ രജിസ‌്ട്രാർ എം കെ ബാബു, സഹകരണ ബാങ്ക‌് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ജൂൺ 26ന‌് മണ്ണാർക്കാടാണ‌് പദ്ധതി ആരംഭിച്ചത‌്. രണ്ടു മാസത്തിനിടെയാണ‌് ഇത്രയധികം തുക വായ‌്പ നൽകാൻ സാധിച്ചത‌്. കുടുംബശ്രീകൾ മുഖേന ഒരാൾക്ക‌് 10,000 മുതൽ 25000 രൂപ വരെ 12 ശതമാനം പലിശ നിരക്കിൽ 52 ആഴ‌്ച കാലാവധിയിലാണ‌് വായ‌്പ നൽകുന്നത‌്. സഹകരണ സംഘങ്ങളിലൂടെയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. തിരിച്ചടവ‌് ചുമതല കുടുംബശ്രീകൾക്കാണ‌്. നിലവിൽ കൊള്ളപ്പലിശക്കാരിൽനിന്നു എടുത്ത വായ‌്പ ഒറ്റത്തവണയായി അടച്ചുതീർക്കാനും വായ‌്പ നൽകും. ജില്ലാ സഹകരണബാങ്കുകൾ മുഖേന ഒമ്പത‌് ശതമാനം പലിശനിരക്കിൽ കുടുംബശ്രീക്ക് നൽകുന്ന വായ‌്പ അവർ അംഗങ്ങൾക്ക‌് 12 ശതമാനം പലിശയ‌്ക്കു നൽകും. 
മൂന്നു ശതമാനം പലിശ കുടുംബശ്രീകളുടെ കൈകാര്യച്ചെലവിന‌് ഉപയോഗിക്കും. കുടുംബശ്രീകൾക്ക‌് വായ‌്പ നൽകാനും തിരിച്ചടയ‌്ക്കാനും നിരീക്ഷിക്കാനുമായി ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top