17 November Saturday

ഒരാൾക്ക‌് കൂടി എലിപ്പനി സ്ഥിരീകരിച്ചു; ആശുപത്രികളിൽ മരുന്നുണ്ട‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
പാലക്കാട‌്
എലിപ്പനിയെ പ്രതിരോധിക്കാൻ ആവശ്യമായ മരുന്ന‌് ജില്ലയിലുണ്ടെന്ന‌് ആരോഗ്യ വകുപ്പ‌് അധികൃതർ വ്യക്തമാക്കി. ഒപ്പംതന്നെ പ്രതിരോധ മരുന്നായി നൽകുന്ന ഡോക‌്സി സൈക്ലിൻ ഗുളികകൾ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ എല്ലാ ആശുപത്രികളിലും ഉണ്ടെന്ന‌് ഉറപ്പുവരുത്തിയിട്ടുണ്ട‌്. ബുധനാ‌ഴ‌്ച പാലക്കാട‌് നഗരസഭാ പരിധിയിൽ ഒരാൾക്ക‌് കൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട‌്. ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശി, കുമരംപുത്തൂർ എന്നിവിടങ്ങളിലായി മൂന്നുപേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട‌്. ചൊവ്വാഴ‌്ച 12 പേർക്കാണ‌് രോഗം സ്ഥിരീകരിച്ചിരുന്നത‌്. പ്രളയത്തിനുശേഷം ജില്ലയിൽ മുന്നുമരണങ്ങളാണ‌് റിപ്പോർട്ട‌് ചെയ‌്തിട്ടുള്ളത‌്. 
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പകർച്ചവ്യാധി സാധ്യത കണ്ടെത്തിയ 49 പഞ്ചായത്തുകളിൽ സബ‌്സെന്ററുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട‌്. ഒരു ഡോക്ടർ, നേഴ‌്സ‌്, ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർ എന്നിവരുടെ സേവനം സബ‌്സെന്ററുകളിൽ സജ്ജമാക്കിയിട്ടുണ്ട‌്.  ആവശ്യമുള്ള ആശുപത്രികളിലും ലെപ‌്റ്റോ വാർഡ‌് തുറക്കും.  പഞ്ചായത്തടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു.  എലിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന‌് വിതരണവും നടക്കുന്നു. 
പ്രളയവുമായി ബന്ധപ്പെട്ട‌് വെള്ളത്തിൽ ഇറങ്ങിയവർക്കാണ‌് രോഗം വരാൻ കൂടുതൽ സാധ്യത. കാലിൽ മുറിവോ മറ്റോ ഉണ്ടങ്കിൽ സാധ്യത കൂടുതലാണ‌്.  ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നവരും വെള്ളത്തിൽ ഇറങ്ങിയവരും ആഴ‌്ചയിലൊരിക്കൽ ഡോക‌്സി സൈക്ലിൻ 200 എംജി ഗുളിക കഴിക്കണമെന്ന‌് ആരോഗ്യ വകുപ്പ‌് മുന്നറിയിപ്പ‌് നൽകുന്നു. 
മൂന്ന‌് മുതൽ ആറ‌് ആഴ‌്ചവരെ ഗുളിക കഴിക്കണം. ഗുളിക കഴിച്ചാലും ശുചീകരണ പ്രവർത്തനം നടത്തുന്നവർ കാലുറയും കൈയുറയും ധരിക്കണം. എലി, കന്നുകാലികൾ, നായ‌്ക്കൾ‌  എന്നിവയുടെ മൂത്രത്തിൽനിന്നാണ‌് എലിപ്പനിയുണ്ടാകുന്നത‌്.
പ്രധാന വാർത്തകൾ
Top