Top
24
Friday, November 2017
About UsE-Paper
ഒറ്റപ്പാലം ക്യാന്‍സര്‍ സെന്ററിന് മൂന്നു ഘട്ടങ്ങളിലായി അഞ്ചുകോടി രൂപ

അര്‍ബുദ ചികിത്സാ കേന്ദ്രം ഉദ്ഘാടനം നാളെ

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ രോഗനിര്‍ണയ കീമോ തെറാപ്പി കേന്ദ്രത്തിലെ യന്ത്രങ്ങള്‍

 

ഒറ്റപ്പാലം > താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായ അര്‍ബുദ ചികിത്സാകേന്ദ്രം ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് എം ബി രാജേഷ് എംപി വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു. കേന്ദ്രത്തിന്റെ ഒന്നാം ഘട്ടമാണ്  പകല്‍ 11ന് ഇന്നസെന്റ് എംപി ഉദ്ഘാടനം ചെയ്യുക. പി ഉണ്ണി എംഎല്‍എ അധ്യക്ഷനാകും.
രോഗനിര്‍ണയത്തിനും ആര്‍സിസി പോലുള്ള പ്രധാന ആശുപത്രികളില്‍ കീമോതെറാപ്പി തുടങ്ങിവച്ചവര്‍ക്കും തുടര്‍ ചികിത്സയ്ക്കുമുള്ള ഒന്നാം ഘട്ടമാണ്  ആശുപത്രിയില്‍ സജ്ജമായത്.
എം ബി രാജേഷ് എംപിയുടെയും ദേശീയഗ്രാമീണ  ആരോഗ്യ ദൌത്യത്തിന്റെയും കേരള സര്‍ക്കാരിന്റെയും മറ്റുഫണ്ടുകളും വിനിയോഗിച്ചു മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ മേല്‍നോട്ടത്തിലാണ് മൂന്നുഘട്ടങ്ങളിലാണ് പദ്ധതി പൂര്‍ത്തിയാക്കുക.
രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മാമോഗ്രാം സ്ഥാപിക്കാന്‍  കൊച്ചി വെസ്റ്റ് റോട്ടറി ക്ളബ് 40 ലക്ഷം രൂപ നല്‍കാന്‍ സന്നദ്ധരായിട്ടുണ്ട്. എംപിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യത്തെ അര്‍ബുദ ചികിത്സ കേന്ദ്രം കൂടിയാണിത്. പുരുഷന്‍മാരുടെ പഴയ വാര്‍ഡിലാണ്  കീമോതെറാപ്പി  കേന്ദ്രം പ്രവര്‍ത്തിക്കുക. വായയിലും ഗര്‍ഭാശയത്തിലും മറ്റും ബാധിക്കുന്ന അര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങാന്‍  പദ്ധതി ഗുണകരമാകും. 
ഒരേ സമയം നാലുപേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യം ഇവിടെയുണ്ട്.  മെഡിക്കല്‍ രേഖകളും മരുന്നുകളും ആരോഗ്യത്തിന്റെ മറ്റുവിവരങ്ങള്‍ കൈമാറാന്‍  മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഉപയോഗിക്കുന്ന സോഫ്റ്റവെയര്‍ ക്യാന്‍സര്‍ സെന്ററില്‍ ഉപയോഗിക്കും. ഇതുവഴി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുമായി ഇവിടെയുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ സൌകര്യമാവും. 2 മെഡിക്കല്‍ ഓഫീസര്‍, 2 സ്റ്റാഫ് നേഴ്സ്, 1ഫിസിയോ തെറാപ്പിസ്റ്റ്, 1 കൌണ്‍സിലര്‍, 1 ലാബ് ടെക്നീഷ്യന്‍, 1 റേഡിയോഗ്രാഫര്‍, റിസപ്ഷനിസ്റ്റ് കംഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 1 ഡന്റല്‍ സര്‍ജന്‍, 1 പാലിയേറ്റീവ് നേഴ്സ് എന്നിങ്ങനയാണ് കേന്ദ്രത്തില്‍ ജീവനക്കാര്‍. 
ഒറ്റപ്പാലം സര്‍ക്കാര്‍ ആശുപത്രിയെ കൂടുതല്‍ ആധുനിക സൌകര്യങ്ങള്‍ ഒരുക്കി ജനങ്ങള്‍ക്ക്  മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി , ഡിഎംഒ കെ പി റീത്ത, ദേശീയ ആരോഗ്യ ദൌത്യം ഡിപിഎം ഡോ. രചന ചിദംബരം, ഡോ. പ്രവീണ്‍ എന്നിവരും പങ്കെടുത്തു.