14 November Wednesday
കവർച്ചാ സംഘങ്ങൾ വിലസുന്നു

സുരക്ഷാ സംവിധാനമില്ലാതെ എടിഎം കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
പാലക്കാട‌്
എ ടി എം കവർച്ചയ‌്ക്കും തട്ടിപ്പിനും വഴിയൊരുക്കുന്നത‌് മതിയായ സുരക്ഷാസംവിധാനത്തിലെ അഭാവം. ജില്ലയിൽ 250നടുത്ത‌് എടിഎം കൗണ്ടറുകളുണ്ട‌്. എസ‌്ബിഐക്കാണ‌് ഏറ്റവുമധികം എടിഎം കൗണ്ടർ ഉള്ളത‌്. ഇവയിൽ ബാങ്ക‌് ബ്രാഞ്ചിനോട‌് ചേർന്ന‌് പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ മാത്രമാണ‌് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത‌്. ഏതാനും സ്വകാര്യ ബാങ്കുകളും തങ്ങളുടെ എടിഎം കൗണ്ടറുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട‌്. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളെയാണ‌് ഇത്തരം കാവൽ ചുമതല ഏൽപ്പിക്കുന്നത‌്. മറ്റ‌് എടിഎമ്മുകളിൽ ഇപ്പോഴും ആകെയുള്ളത‌് സുരക്ഷാക്യാമറകൾ മാത്രം. ഇവയിലധികവും യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തവയുമാണെന്ന‌് ബാങ്ക‌് ജീവനക്കാർതന്നെ പറയുന്നു.  
ഒഴിഞ്ഞ പ്രദേശങ്ങളിലെ എടിഎം കീണ്ടറുകളിലാണ‌് ഏറ്റവുമധികം തട്ടിപ്പ‌് നടക്കുന്നത‌്. ശനിയാഴ‌്ച രാത്രി എസ‌്ബിഐ എരിമയൂർ ശാഖയിലെ എടിഎം കൗണ്ടർ തകർത്ത‌് മോഷണശ്രമം നടന്നിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ മെഷീനിൽ കയർകെട്ടി കാറുമായി ബന്ധിച്ച‌് അടർത്തിയെടുക്കാനും ശ്രമിച്ചിട്ടുണ്ട‌്.  ഏതാനും ദിവസങ്ങൾക്കുമുമ്പ‌് എസ‌്ബിഐ കുഴൽമന്ദം, ചുങ്കമന്ദം എടിഎമ്മിലും കവർച്ചാശ്രമം ഉണ്ടായിരുന്നു. കേസ‌് അന്വേഷണത്തിന‌്  സിസിടിവി ദൃശ്യങ്ങൾ മാത്രമാണ‌് പൊലീസിന‌് ആശ്രയം. 2016ൽ റുമേനിയൻ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന എടിഎം തട്ടിപ്പിനെത്തുടർന്ന‌് എടിഎം സെന്ററുകളിൽ മതിയായ സുരക്ഷയൊരുക്കാൻ തീരുമാനമായിരുന്നു. എടിഎമ്മുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന‌് ബാങ്കുകൾക്ക‌് പൊലീസ‌് നിർദേശവും നൽകി. എന്നാൽ, രണ്ട‌് വർഷം പിന്നിടുമ്പോഴും ഇതിൽ നടപടിയുണ്ടായിട്ടില്ല. രാത്രി ആളൊഴിഞ്ഞ എടിഎമ്മുകളിലെത്തിയാണ‌് തട്ടിപ്പ‌് സംഘം മോഷണത്തിനു ശ്രമിച്ചിട്ടുള്ളത‌്. സുരക്ഷാ ജീവനക്കാർ ഇല്ലാത്തിടത്ത‌് മുഖംമൂടിയും മറ്റും ധരിച്ചെത്തുന്നതിനാൽ സിസിടിവി ദൃശ്യം ഉപയോഗിച്ച‌് പ്രതികളെ പിടികൂടാൻ പൊലീസിന‌് ബുദ്ധിമുട്ടാറുണ്ട‌്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ ഉറ ധരിച്ചാണ‌് മിക്ക തട്ടിപ്പുക്കാരും എത്തുന്നത‌്. സിസിടിവിയുടെ കണ്ണുവെട്ടിക്കാനും ഇത്തരക്കാരിൽ പൊടിക്കൈയുണ്ട‌്.  സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിൽ ഒരുപരിധിവരെ ഇത്തരം തട്ടിപ്പുകൾ തടയാനാകും. 
എടിഎം കേന്ദ്രങ്ങളിൽ തട്ടിപ്പോ മറ്റോ നടന്നാൽ സെർവറുകളിൽ ഉടൻ വിവരം ലഭ്യമാക്കുന്നതിന‌് നടപടി വേണമെന്ന‌ നിർദേശവും ഇതുവരെ നടപ്പാക്കാനായില്ല. സെർവർ നിരീക്ഷണത്തിനായി 24 മണിക്കൂറും ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. കവർച്ചാ ശ്രമം തടയുന്നതിന‌് അലാറം സംവിധാനം ഒരുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. 
സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകളിൽ ആളുകൾ പണമെടുക്കാനായി ഹെൽമറ്റും മറ്റും ധരിച്ച‌് അകത്തുകയറുന്നതും പതിവാണ‌്. സെന്ററിൽ ഒരേ സമയം ഒന്നിലധികംപേർ കയറരുതെന്ന നിയമവും പല എടിഎമ്മുകളിലും പാലിക്കപ്പെടാറില്ല. ഒരു എടിഎം കൗണ്ടറിൽത്തന്നെ ഒന്നിലധികം മെഷീനുകൾ സ്ഥാപിക്കുന്നതും നിയമവിരുദ്ധമാണ‌്.
പ്രധാന വാർത്തകൾ
Top