21 November Wednesday
എലിപ്പനി

സർക്കാർ ആശുപത്രികളിൽ ലെപ‌്റ്റോ വാർഡ‌് സജ്ജമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
പാലക്കാട‌്
ജില്ലയിൽ എലിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലും മുഴുവൻ താലൂക്ക‌് ആശുപത്രികളിലും ലെപ‌്റ്റോ വാർഡ‌് തുറക്കും.  ഉറവിട നശീകരണമടക്കം  പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നു. പകർച്ചവ്യാധിക്ക‌് സാധ്യതയുള്ള പ്രദേശങ്ങളിൽ സബ‌്സെന്ററുകളും പ്രവർത്തനം തുടങ്ങി. പ്രളയബാധിത പ്രദേശങ്ങളായ 49 പഞ്ചായത്തുകളിലാണ‌് പകർച്ചവ്യാധി സാധ്യത കണ്ടെത്തിയിട്ടുള്ളത‌്. ഇവിടങ്ങളിൽ ഒരു ഡോക്ടറും നേഴ‌്സും ഉൾപ്പെടെ പ്രത്യേക സബ‌്സെന്ററുകളാണ‌്. ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാരും പ്രതിരോധ പ്രവർത്തനങ്ങൾക്കുണ്ട‌്. സബ‌്സെന്ററിലേക്കുള്ള ഡോക്ടർമാരെയും നേഴ്സുമാരെയും ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാരെയും സർക്കാർ നേരിട്ടാണ‌് താൽക്കാലികമായി നിയമിച്ചിട്ടുള്ളത‌്. 
പഞ്ചായത്തടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകളും ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പനി സർവേകളും നടത്തും. ആവശ്യമായ ഘട്ടങ്ങളിലാണ‌് ലെപ‌്റ്റോ വാർഡുകൾ തുറക്കാനുള്ള നിർദേശം. എലിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന‌് വിതരണവും നടക്കുന്നു. പാലക്കാട‌്, ഒറ്റപ്പാലം, പട്ടാമ്പി നഗരസഭകള‌ിലും പകർച്ചവ്യാധി സാധ്യതയുണ്ടെന്ന‌് റിപ്പോർട്ട‌് ചെയ്‌തിട്ടുണ്ട‌്. 
മൂന്ന‌് നഗരസഭകളിലും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ മാലിന്യം നീക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആരോഗ്യവകുപ്പ‌് നിർദേശം നൽകിയിട്ടുണ്ട‌്.  ഇതിനിടെ ജില്ലയിൽ തിങ്കളാഴ്ച പുതുശേരി, മണ്ണാർക്കാട‌് എന്നിവിടങ്ങളിൽ രണ്ട‌് എലിപ്പനി സ്ഥിരീകരിച്ചു. ഏഴ‌് പേർക്ക‌് എലിപ്പനിയെന്ന‌് സംശയിക്കുന്നതായും ഡിഎംഒ അറിയിച്ചു.
പ്രധാന വാർത്തകൾ
Top