14 November Wednesday
ആഗസ‌്തിൽ വൈദ്യുതി ഉല്‍പ്പാദനം ചരിത്രത്തിലാദ്യം

മലമ്പുഴയിലും പീച്ചിയിലും വൈദ്യുതി ഉൽപ്പാദനം തുടങ്ങി

വേണു കെ ആലത്തൂർUpdated: Saturday Aug 4, 2018
പാലക്കാട‌്
നാലു വർഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നപ്പോൾ  വൈദ്യുതി ബോര്‍ഡിനും അധികവരുമാനം. ദിവസവും 60,000 യൂണിറ്റ‌് വൈദ്യുതിയാണ്  മലമ്പുഴയിൽനിന്ന‌് ഉൽപ്പാദിപ്പിക്കുന്നത്. ഡിവിഷന‌് കീഴിൽ  തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിൽനിന്നും ഒന്നേകാൽ മെഗാവാട്ട‌് വൈദ്യുതി ഉൽപ്പാദനവും തുടങ്ങി. മലമ്പുഴയിൽ രണ്ട‌് മെഗാവാട്ട‌് പദ്ധതിയാണ‌് വെള്ളിയാഴ‌്ചമുതൽ പ്രവർത്തനം തുടങ്ങിയത‌്. മലമ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുമ്പോഴാണ‌് പവർഹൗസിലെ പെൻസ‌്റ്റോക്ക‌് പൈപ്പിലൂടെ വെള്ളം തുറന്നുവിട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത‌്. ഇത‌് ജല അതോറിറ്റിയുടെ പ്രധാന പമ്പ‌്ഹൗസിലേക്കും കല്ലേപ്പുള്ളി മിൽമ യൂണിറ്റിലേക്കും നൽകിയശേഷം അകത്തേത്തറ 110 കെ വി സബ‌്സ‌്റ്റേഷനിലേക്ക‌് നല്‍കും. 
ചരിത്രത്തിൽ ആദ്യമായാണ‌് ആഗസ‌്ത‌ില്‍  മലമ്പുഴയിലെ പവർ ഹൗസിൽനിന്ന‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത‌്. 2014 സെപ‌്തംബറിലാണ‌് മലമ്പുഴ ഡാം തുറന്നത‌്. അന്ന‌് 54 ലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞുവെന്ന‌് പെരിങ്ങൽക്കൂത്ത‌് ഡിവിഷൻ എക‌്സിക്യുട്ടീവ‌് എൻജിനിയർ യു ടി ജോബ‌് പറഞ്ഞു. ഷട്ടറുകൾ അടയ‌്ക്കുന്നതുവരെ പവർഹൗസും പ്രവർത്തിക്കും. പിന്നീട‌് രണ്ടാംവിളയ‌്ക്ക‌് ഡാമിൽനിന്ന‌് വെള്ളം തുറക്കുന്ന നവംബർ മുതലാണ‌് വൈദ്യുതി ഉൽപ്പാദനം. ഈ സമയത്ത‌് പൂർണതോതിൽ  വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയില്ല. പെൻസ‌്റ്റേറാക്കിലൂടെ ഇടതുകര കനാലിലേക്കാണ്  വെള്ളം തുറന്നുവിടുക. ഇതിന‌് ശക്തി കുറവായതിനാൽ  മണിക്കൂറിൽ ഒന്നര മെഗാവാട്ട‌് വൈദ്യുതിപോലും ഉൽപ്പാദിപ്പിക്കാൻ കഴിയില്ല.  
ഇടത്–വലതു കനാലിലൂടെയുള്ള വെള്ളം പവർഹൗസിൽ ഉപയോഗിക്കാനാകുംവിധം തിരിച്ചുവിടണമെന്ന‌്  വൈദ്യുതി വകുപ്പ‌്  നിർദേശിച്ചിട്ടുണ്ട‌്. ഇത‌് പ്രാവർത്തികമായാൽ വർഷത്തിൽ ചുരുങ്ങിയത‌്  70 ദിവസമെങ്കിലും പൂർണതോതിൽ  മലമ്പുഴയിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും.  
 പീച്ചിഡാമില്‍നിന്ന‌്  പൂർണതോതിൽ വൈദ്യുതി ഉൽപ്പാദനം തുടങ്ങി. കാർഷികാവശ്യത്തിനുള്ള ഡാമായതിനാൽ പീച്ചിയിലും നവംബർ മുതൽ കൃഷിക്ക‌് വെള്ളം തുറക്കുമ്പോഴാണ‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുക പതിവ്. മറ്റ് പദ്ധതികള്‍ ചിമ്മിണി ഡാമിലെ മൂന്നര മെഗാവാട്ടിന്റേതും   നിലമ്പൂരിലെ ആഢ്യൻപാറയിലേതുമാണ്. 
ചിമ്മിണി ഡാം തുറന്നിട്ടില്ല. ആഢ്യൻപാറയില്‍ മണ്ണിടിച്ചിലനെത്തുടർന്ന‌് പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണ‌് നീക്കാന്‍  കരാർ നൽകിയിട്ടുണ്ടെന്ന‌് എകസിക്യുട്ടീവ‌് എൻജിനിയർ യു ടി ജോബ‌് പറഞ്ഞു.
പ്രധാന വാർത്തകൾ
Top