17 November Saturday
ഒന്നിലും നടപടിയില്ല

നഗരസഭയിൽ സർവത്ര അഴിമതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
പാലക്കാട‌്
മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിന‌് സമീപം കഴിഞ്ഞദിവസം കെട്ടിടം തകർന്നുണ്ടായ സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത‌് നഗരസഭാ ഭരണാധികാരികൾ. അപകടം കൺമുന്നിലുണ്ടായിട്ടും നടപടിയെടുക്കാതെ കള്ളത്തരങ്ങൾക്ക‌് ഒത്താശ ചെയ‌്തു കൊടുക്കുന്ന ഭരണസമിതിയാണ‌് ഈ ദുരന്തത്തിന്റെ യഥാർഥ ഉത്തരവാദികൾ. നോട്ടീസ‌് നൽകിയിട്ടും മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിലെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ അധികാരികൾക്ക‌് കഴിഞ്ഞിട്ടില്ല. കഴിവുകേടല്ല, പണംപറ്റി നടത്തുന്ന ഒത്തുകളിയാണ‌് ഇതിനു പിന്നിൽ. മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡിലെ ചുറ്റുമതിൽ പൊളിച്ച‌് സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിന‌് ഗുണമുണ്ടാക്കിക്കൊടുത്ത കേസിൽ ഭരണപക്ഷത്തിനെതിരെ ഒരുവിഭാഗം പത്ത‌് ലക്ഷം രൂപയുടെ അഴിമതി ആരോപണമുയർത്തിയിരുന്നു. എന്നാൽ ആരോപണമുന്നയിച്ച ഭരണപക്ഷക്കാർ പിന്നീട‌് അത‌് വിഴുങ്ങുന്ന സ്ഥിതിയാണുണ്ടായത‌്.
മുനിസിപ്പൽ ബസ‌്സ‌്റ്റാൻഡിന്റെയും സമീപത്തെ കടകളുടെയും മാത്രം സ്ഥിതിയല്ലിത്‌. നഗരസഭയുടെ സ്വന്തം കെട്ടിടങ്ങളിൽ നിരവധി പൊതു‐സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട‌്.  ഈ സ്ഥാപനങ്ങളൊന്നും തന്നെ അറ്റകുറ്റപ്പണി ചെയ്യുകയോ നവീകരിക്കുകയോ ചെയ്യാറില്ല. ഇവിടത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സ്വത്തിനും ജീവനും നഗരസഭ യാതൊരു വിലയും കൽപ്പിക്കുന്നില്ല. നിരവധി സ്വകാര്യ വ്യക്തികളും  അവർക്ക‌് തോന്നും പോലെ നിർമാണം നടത്തുകയും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. കരാർ എടുത്തിട്ട‌് കൂടുതൽ തുകയ‌്ക്ക‌് മറ്റൊരാൾക്ക‌് കടകൾ മറിച്ചുവിൽക്കുന്ന സ്ഥിതിയുമുണ്ട‌്.  
അത്തരത്തിൽ നഗരസഭയുടെ അംഗീകാരമില്ലാതെ ഉയർത്തിയ കെട്ടിടമാണ‌് കഴിഞ്ഞദിവസം തകർന്നു വീണത‌്. സുൽത്താൻപേട്ടയിൽ കഴിഞ്ഞമാസം കെട്ടിടം റോഡിലേക്ക‌് തകർന്നു വീണപ്പോൾ പഴകിയ കെട്ടിടങ്ങളുടെ കണക്കെടുക്കുമെന്ന‌് നഗരസഭ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
പ്രധാന വാർത്തകൾ
Top