19 November Monday

കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകസംഘം ജാഥ പ്രയാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

മണ്ണാർക്കാട്‌ നൽകിയ സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്‌റ്റൻ പി കെ സുധാകരൻ സംസാരിക്കുന്നു

 

പാലക്കാട‌്
നരേന്ദ്രമോഡി സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാഹനജാഥ പര്യടനം തുടങ്ങി.  ജില്ലാ സെക്രട്ടറി  പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള ജാഥ കഴിഞ്ഞദിവസം കൂറ്റനാട‌് ഉദ‌്ഘാടനം ചെയ‌്ത‌് വ്യാഴാഴ‌്ച രാവിലെ പട്ടാമ്പിയിൽനിന്നാണ‌് ആദ്യ സ്വീകരണം ഏറ്റുവാങ്ങി ജില്ലായിലെ പര്യടനത്തിന‌് തുടക്കം കുറിച്ചത‌്.
ജനങ്ങൾക്ക‌് അച്ഛേദിൻ എന്ന‌് വാഗ‌്ദാനം ചെയ‌്ത‌് അധികാരത്തിലെത്തിയ മോഡി കർഷകരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ‌്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം നാല‌് വർഷത്തിനുള്ളിൽ 62,000 കർഷകരാണ‌് ഇന്ത്യയിൽ ആത്മഹത്യ ചെയ‌്തത‌്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കി ഉൽപ്പാദന ചെലവിനേക്കാൾ 50 ശതമാനം കൂട്ടി തറവില നിശ‌്ചയിച്ച‌് ഉൽപ്പന്നങ്ങൾ സംഭരിക്കുമെന്നും കാർഷിക വായ‌്പകൾ എഴുതിത്തള്ളുമെന്നും വാഗ‌്ദാനം ചെയ‌്ത നരേന്ദ്രമോഡി കർഷകരെ കബളിപ്പിച്ചു. ഇതിനെതിരെ രാജ്യത്താകെ കർഷക പ്രതിഷേധം ഉയർന്നുവരികയാണ‌്. കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ  ഒമ്പതിന‌് പാലക്കാട‌് ഹെഡ‌്പോസ‌്റ്റ‌് ഓഫീസിന‌് മുന്നിൽ ഏകദിന സത്യഗ്രഹ സമരം നടത്തുകയാണ‌്.  ഇതിന്റെ ഭാഗമായാണ‌് കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ രണ്ട‌് ദിവസം നീണ്ടുനിൽക്കുന്ന  പ്രചാരണജാഥ നടത്തുന്നത‌്. ജാഥയ‌്ക്ക‌് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്വല വരവേൽപ്പ‌് ലഭിച്ചു. പട്ടാമ്പിയിൽനിന്ന‌് തുടങ്ങി  ഒറ്റപ്പാലം, ചെർപ്പുളശേരി,  ശ്രീകൃഷ‌്ണപുരം,  മണ്ണാർക്കാട‌് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട‌് കോങ്ങാട്ടിൽ സമാപിച്ചു.
പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിൽ കർഷക സംഘം ജില്ലാ ട്രഷറർ സി എം നീലകണ്ഠൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സി അച്യുതൻ സംസാരിച്ചു. സംഘം ഏരിയ സെക്രട്ടറി യു അജയകുമാർ സ്വാഗതവും പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത‌്  എപിഎം റഷീദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബാബു സ്വാഗതവും, രമേഷ് കുമാർ നന്ദിയും പറഞ്ഞു.  ചെർപ്പുളശേരിയിൽ ജില്ലാ കമ്മിറ്റിയംഗം കെ നാരായണൻകുട്ടി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബി സുഭാഷ്, കർഷകസംഘം ഏരിയ പ്രസിഡന്റ‌് പി എ ഉമ്മർ എന്നിവർ സംസാരിച്ചു. കെ ഗംഗാധരൻ സ്വാഗതവും കെ ടി സത്യൻ നന്ദിയും പറഞ്ഞു. ശ്രീകൃഷ്ണപുരത്ത് വി ഗംഗാധരൻ അധ്യക്ഷനായി. പി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.  മണ്ണാർക്കാട്ട്പൊലീസ് സ്റ്റേഷനുസമീപം നടന്ന സ്വീകരണയോഗത്തിൽ എം ഉണ്ണീൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ മണികണ്ഠൻ സ്വാഗതം പറഞ്ഞു.
 വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജഥാക്യാപ‌്റ്റനുപുറമെ വൈസ‌് ക്യാപ‌്റ്റൻ  എസ‌് അബ്ദുൾറഹ‌്മാൻ, മാനേജർ  ജോസ‌് മാത്യൂസ‌്, അംഗങ്ങളായ ശോഭന പ്രസാദ‌്, വി സി രാമചന്ദ്രൻ, സി അബ്ദുൾഖാദർ, എം കെ സുരേന്ദ്രൻ, ശാലിനി കറുപ്പേഷ‌് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top