17 January Thursday

സപ്ളൈകോ നെല്ല്സംഭരണം പകുതിയില്‍താഴെ മാത്രം

സ്വന്തം ലേഖകന്‍Updated: Wednesday Jan 3, 2018

 

 
പാലക്കാട് > ഒന്നാംവിള നെല്ല്സംഭരണം പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചതിന്റെ പകുതിയില്‍താഴെ മാത്രമാണ് സപ്ളൈകോ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം ടണ്‍ നെല്ല് ജില്ലയില്‍നിന്ന് സംഭരിച്ചുവെങ്കില്‍ ഈ വഷം അത് 60,000ടണ്‍ മാത്രമായി ചുരുങ്ങി. കര്‍ഷകര്‍ക്ക് ഇതുമൂലം വന്‍ നഷ്ടമാണ് സഹിക്കേണ്ടിവന്നത്. അരിസംസ്കരണവുമായി ബന്ധപ്പെട്ട് മില്ലുകാര്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ് ഒന്നാംവിള സംഭരണം വൈകിച്ചത്. ഈ സഹാചര്യത്തില്‍ രണ്ടാംവിള നെല്ല്സംഭരണം മുതല്‍ സഹകരണസംഘങ്ങളെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട നിവേദനം മന്ത്രി കടകംപള്ളി സുരേന്ദ്രന് കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവര്‍ നല്‍കി, വിഷയം ചര്‍ച്ച ചെയ്തു.
 കേരളത്തിലെ കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ ഒട്ടേറെ നൂതന പദ്ധതികളും ആനുകൂല്യങ്ങളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നെല്‍പ്പാടങ്ങളുടെ വിസ്തീര്‍ണ്ണം മൂന്നു ലക്ഷം ഹെക്ടറാക്കി വര്‍ധിപ്പിക്കാനും നെല്ലുല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനും'പ്രത്യേക നെല്‍ക്കൃഷിമേഖല'പദ്ധതിയുടെ പ്രവര്‍ത്തനം, താങ്ങുവില വര്‍ധിപ്പിച്ച് നെല്ല് സംഭരിക്കാനുള്ള നടപടി എന്നീ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചതുവഴി കേരളത്തിലെ നെല്‍ക്കൃഷിമേഖലയില്‍നിന്ന് പിന്തിരിഞ്ഞ നൂറുകണക്കിന് കര്‍ഷകര്‍ വീണ്ടും നെല്‍ക്കൃഷിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.  കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ചും കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍ ഉറച്ചുനില്‍ക്കുകയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുയും ചെയ്യുകയാണ്. 
 സംഭരണത്തിലെ അനാസ്ഥയും സ്വകാര്യമില്ലുകാരുടെ ഇടപെടലും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും കാരണം നെല്ല്സംഭരണം കാര്യക്ഷമമായി നടക്കാത്ത സാഹചര്യമുണ്ടായി. ഇത് കര്‍ഷകരെ ദുരിതത്തിലാക്കി. നെല്ല് ശേഖരിച്ച്വയ്ക്കാന്‍ പണ്ടുള്ളതുപോലെ കളപ്പുരകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ട ഗതികേടിലുമായി. കിലോയ്ക്ക് 22.30രൂപ താങ്ങുവിലയുള്ള നെല്ല് കേവലം 1617രൂപയ്ക്ക് വില്‍ക്കേണ്ടിവന്നു. കര്‍ഷകന് ലഭിക്കേണ്ട പതിനായിരക്കണക്കിന് രൂപ ഇത്തരത്തില്‍ അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു.
കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും സഹകരണസംഘങ്ങളില്‍ അംഗങ്ങളാണ്. അവര്‍ കാര്‍ഷികാവശ്യാര്‍ഥം വായ്പയെടുക്കുന്നത്സഹകരണ സംഘങ്ങളില്‍നിന്നാണ്. നെല്‍ക്കൃഷിക്കാര്‍ക്ക് പലിശ രഹിതവായ്പയും നാല്ശതമാനം വായ്പയും സഹകരണസംഘങ്ങളിലൂടെ നല്‍കുന്നു. കര്‍ഷകരുമായി ജൈവബന്ധമുള്ള ബാങ്കുകളാണ് പ്രാഥമിക സഹകരണബാങ്കുകള്‍. ശരാശരി ഒരു പഞ്ചായത്തില്‍ ഒരു സഹകരണബാങ്കും അതിന് ഒന്നോ രണ്ടോ ശാഖകളുമുണ്ടാകും. അതിനാല്‍ സഹകരണസംഘങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപടാന്‍ കഴിയും. 
കര്‍ഷകരില്‍നിന്ന് സഹകരണ സംഘങ്ങള്‍ നെല്ല് ഏറ്റെടുത്ത് അരിയാക്കി പൊതുവിതരണവകുപ്പിനെ ഏല്‍പ്പിക്കുക, അരിയാക്കാന്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിലവിലുള്ള സഹകരണ അരിമില്ലുകളെയും ചെറുകിട അരിമില്ലുകളെയും പ്രയോജനപ്പെടുത്തുക, സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചത്. 
നെല്ല് സഹകരണസംഘങ്ങള്‍വഴി സംഭരിക്കാനും കര്‍ഷകര്‍ക്ക് സംഭരണവില സഹകരണ ബാങ്കുകള്‍വഴി വിതരണം ചെയ്യാനുമുള്ള നടപടികളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അതിനുള്ള പ്രായോഗികനടപടിയെക്കുറിച്ച് ചര്‍ച്ചചെയ്തുവരികയാണെന്നും നേതാക്കള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.
പ്രധാന വാർത്തകൾ
Top