20 July Friday
ന ഇന്നും നാളെയും

പാലുല്‍പ്പാദനത്തില്‍ പാലക്കാട് സ്വയം പര്യാപ്തതയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 

 
പാലക്കാട് > ഈ വര്‍ഷം ഡിസംബറോടെ ജില്ല പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ക്ഷീരകര്‍ഷകര്‍ക്കും ഇതുമായി ബന്ധപ്പെട്ടവര്‍ക്കും ക്ഷീരമേഖലയിലെ സാധ്യതകളെ മുന്‍നിര്‍ത്തി ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിക്കുകയാണ്  ക്ഷീരകര്‍ഷകസംഗമത്തിന്റെ ഉദ്ദേശ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കയറാടി, നെന്മാറ എന്നിവിടങ്ങളിലാണ്   ക്ഷീരസംഗമവും കന്നുകാലിപ്രദര്‍ശനവും നടക്കുക. 
മില്‍മയുടെ വിപണനസംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി പാല്‍വില്‍പ്പനയില്‍ വര്‍ധന വരുത്താനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.  ജില്ലയില്‍ പ്രതിദിനം 2.10 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ ഒന്നരലക്ഷത്തില്‍താഴെ മാത്രമാണ് മില്‍മയിലൂടെയുള്ള വില്‍പ്പന. ജില്ലയില്‍ ശരാശരി ഒരുദിവസം ഏഴ്ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമാണ്. ഇത്രയും പാല്‍ ഉല്‍പ്പാദിപ്പിച്ച് വിപണി കണ്ടെത്തുന്നതോടെ ജില്ല പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകും. 
മൂന്നിന് രാവിലെ മുതല്‍ കയറാടിയില്‍ കന്നുകാലിപ്രദര്‍ശനവും വ്യാഴാഴ്ച നെന്മാറയില്‍ സെമിനാറും നടക്കും. കയറാടിയില്‍ ബുധനാഴ്ച രാവിലെ നടക്കുന്ന കന്നുകാലിപ്രദര്‍ശനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കയറാടി കെഇഎസ് ഹാളില്‍ ക്ഷീരകര്‍ഷക പ്രശ്നോത്തരിയും നടക്കും. പകല്‍ 11ന് കയറാടി കെഇഎം ഹാളില്‍ മുഖാമുഖവും നടക്കും. പകല്‍ രണ്ടിന് ക്ഷീരസംഘം ജീവനക്കാര്‍ക്ക് ശില്‍പ്പശാലയും ക്ഷേമനിധി അദാലത്തും നടത്തും. 
വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെന്മാറ ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'ഡയറി എക്സ്പോ' എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ക്ഷീരവികസന സെമിനാറില്‍ 'ക്ഷീരമേഖലയിലെ സംരംഭക സാധ്യതകള്‍' എന്ന വിഷയത്തില്‍ ഡോ. ടി പി സേതുമാധവന്‍ സംസാരിക്കും. പകല്‍ 11ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷനാകും. മികച്ച വ്യക്തികളെ ആദരിക്കുകയും സമ്മാനവിതരണവും നടക്കും. 
പ്രദര്‍ശന സമിതി ചെയര്‍മാന്‍ കെ എസ് മണി, ജനറല്‍ കണ്‍വീനര്‍ പി എ ബീന, ജയ സുജീഷ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എ ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top