16 November Friday

പുഴ സംരക്ഷണത്തിന‌് ജനകീയസമിതികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

പ്രളയത്തിനുശേഷമുള്ള ഭാരതപ്പുഴയുടെ ദൃശ്യം

പാലക്കാട‌്
ഏറ്റവും വലിയ വെള്ളപ്പൊക്കത്തെതുടർന്ന‌് പുഴകൾ ശക്താമയി ഒഴുകി മാലിന്യമുക്തമാകുകയും  മണൽ വന്നടിയുകയും ചെയ‌്തതോടെ  പുഴകൾ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ‌്. പുഴകൾ ഈ നിലയിൽ സംരക്ഷിക്കണമെന്ന‌് പുത്തൻതലമുറ കൂടുതൽ ആവേശത്തോടെ പറയുന്നു. അവരുടെ ഓർമകളിലൊന്നും ഇത്തരത്തിൽ മണൽക്കൂനകൾ കണ്ടിട്ടില്ല. 
പഴമക്കാർ പറയുന്നത‌് കേട്ടല്ലാതെ, പുഴകളിലെ മണൽ അവർക്ക‌് പരിചിതമല്ല. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന‌് സാക്ഷ്യം വഹിച്ച നാട‌് പുഴകളുടെ യഥാർഥ സഞ്ചാരപഥങ്ങളും തിരിച്ചുപിടിച്ചു. ഇതോടെ വൻതോതിൽ മണൽ ശേഖരവും പുഴകളിൽ കണ്ടു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ‌് പുഴകളിൽ മണൽശേഖരത്തിന‌് കാരണമായത‌്. കുന്തിപ്പുഴയിലും ഭാരതപ്പുഴയിലും  മണൽപരപ്പുകളും കൂടി.
പട്ടാമ്പി ഭാഗത്ത‌് മണൽക്കൂനകൾതന്നെ രൂപപ്പെട്ടു. കുന്തിപ്പുഴയിൽ തത്തേങ്ങലത്ത‌് ബീച്ച‌് മാതൃകയിലാണ‌് മണൽവന്നടിഞ്ഞത‌്. ഇതിനാൽ വിനോദസഞ്ചാരികളെയും ആകർഷിക്കാൻ തുടങ്ങി. പ്രകൃതി കനിഞ്ഞുനൽകിയ ഈ സമ്പത്ത‌് കാത്തുസൂക്ഷിക്കണമെന്ന നിശ‌്ചയദാർഢ്യമാണ‌് ഇപ്പോൾ യുവാക്കൾക്കുള്ളത‌്. അതിനാൽ പ്രാദേശികമായി പുഴ സംരക്ഷണസമിതികൾക്ക‌് രൂപം നൽകുകയാണ‌്. ഒറ്റപ്പാലത്ത‌് ഇത്തരത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ സംരക്ഷണസമിതികൾക്ക‌് രൂപം നൽകിക്കഴിഞ്ഞു. പ്രധാനമായും മണൽക്കൊള്ള തടയുക എന്ന ലക്ഷ്യമാണ‌് ഇവർ ഏറ്റെടുക്കുന്നത‌്. 
 പുഴകളിൽനിന്നുള്ള മണൽക്കൊള്ള തടയാനൊരുങ്ങുകയാണ‌് നാട്ടുകാർ. ഭാരതപ്പുഴയിലും രാത്രിയുടെ മറവിൽ മണൽക്കൊള്ള നടക്കുന്നു. ഇത‌് തടയാനുള്ള ജാഗ്രതയും സംരക്ഷണ സമിതികൾ നിർവഹിക്കുന്നുണ്ട‌്. കൂടുതലും യുവാക്കളാണ‌് പുഴ സംരക്ഷിക്കണമെന്ന ആശയവുമായി രംഗത്തുവരുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top