19 April Thursday

ശബരിമലയിലെ മാലിന്യ സംസ്കരണപ്ളാന്റ് ; വിദഗ്ധ ഏജന്‍സി അന്വേഷിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

ശബരിമല > സന്നിധാനത്തെ മാലിന്യ സംസ്കരണപ്ളാന്റിലേക്ക് മലിനജലം ഒഴുകിയെത്തുന്ന കുഴലുകളുടെ ഗുണനിലവാരം, തകരാര്‍ എന്നിവയെപ്പറ്റി ജലവിഭവവകുപ്പിന്റെ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്. 21 കോടി രൂപ മുടക്കി ശബരിമല മാസ്റ്റര്‍പ്ളാന്‍ കമ്മിറ്റി നിര്‍മിച്ച മാലിന്യസംസ്കരണപ്ളാന്റ് പ്രവര്‍ത്തനം മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാതിവഴിയിലാണിപ്പോള്‍. അഞ്ചു ദശലക്ഷം ലിറ്റര്‍ മലിനജലം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ളാന്റാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. എന്നാല്‍, 28 ലക്ഷം ലിറ്റര്‍ മലിനജലമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. ഇതാകട്ടെ പൂര്‍ണമായും സംസ്കരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ളാന്റിലേക്ക് മലിനജലം എത്തിക്കുന്ന കുഴലുകള്‍ നിലവാരം കുറഞ്ഞതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗുണനിലവാരമില്ലാത്തതിനാല്‍ പലയിടങ്ങളിലും കുഴലുകള്‍ പൊട്ടി മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയാണ്. ഇതേതുടര്‍ന്ന് പമ്പയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ തോത് കുത്തനെ കൂടി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരിശോധനയില്‍ സന്നിധാനം എസ്ടിപിയില്‍(സിവേജ് ട്രീറ്റ്മെന്റ്പ്ളാന്റ്) നിന്ന് പുറന്തള്ളുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 60000 ആയി ഉയര്‍ന്നതായി കണ്ടെത്തിയെന്നും ഡിസംബര്‍ 18 ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലകാലം അവസാനിച്ച 26 നകം പ്ളാന്റിന്റെ അപാകം പരിഹരിക്കുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അതുണ്ടായില്ല. കോളിഫോം ബാക്ടീരിയയുടെ അളവ് കുറയ്ക്കാനുള്ള ഹൈപ്പോ ക്ളോറൈഡ് ഡോസര്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. എത്ര മലിനജലം പ്ളാന്റില്‍ എത്തുന്നുവെന്നറിയാനുള്ള ഫ്ളോമീറ്ററുമില്ല. നിലവില്‍ ക്ളോറിന്‍ കടത്തിവിട്ട് മലിനജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജലവിഭവ വകുപ്പിന്റെ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

പ്ളാന്റ് പ്രവര്‍ത്തനത്തെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നതോടെ ദേവസ്വം മരാമത്ത്-മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി അപാകം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ തീര്‍ഥാടനകാലം അവസാനിച്ചശേഷം ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തുമെന്നാണ് സൂചന.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top