25 September Tuesday

അക്കാദമിക‌് പ്രവർത്തനങ്ങൾ ഏകീകരിക്കും

എം വി പ്രദീപ‌്Updated: Wednesday Jun 20, 2018



പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ വിവിധ ഡയറക്ടറേറ്റുകളുടെയും പ്രോജക്ടുകളുടെയും അക്കാദമിക‌് പ്രവർത്തനങ്ങൾ നടപ്പ‌് അധ്യയന വർഷത്തിൽ ഏകീകരിക്കാൻ തീരുമാനം. വിദ്യാർഥികളുടെ അക്കാദമിക‌് മികവ‌് ലക്ഷ്യമിട്ട‌് ഓരോ ഡയറക്ടറേറ്റും നടപ്പാക്കുന്ന സമാന പദ്ധതികൾ ഏകോപിപ്പിക്കുന്നതുവഴി അനാവശ്യചെലവുകൾ ഒഴിവാക്കാനും കൂടുതൽ വിദ്യാർഥികളിൽ അവയുടെ നേട്ടങ്ങൾ എത്തിക്കാനുമാകുമെന്ന കണ്ടെത്തലും പദ്ധതികളുടെ  ഏകീകരണത്തിന‌് വഴിയൊരുക്കിയിട്ടുണ്ട‌്.

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ എസ‌്എസ‌്എ, ആർഎംഎസ‌്എ എന്നിവയെ യോജിപ്പിച്ച‌്  സമഗ്ര ശിക്ഷാ അഭിയാൻ രൂപീകരിച്ചിട്ടുണ്ട‌്‌. ഇവയുടെ അക്കാദമിക‌് പ്രവർത്തനങ്ങളും ഡിപിഐ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌്, കൈറ്റ‌്, എസ‌്സിഇആർടി, എസ‌്ഐഇടി, സീമാറ്റ‌് എന്നിവ നടത്തുന്ന സമാന അക്കാദമിക‌് പ്രവർത്തനങ്ങളുമാണ‌് ഏകീകരിക്കുക.

സ‌്കൂളുകളിൽ ഹലോ ഇംഗ്ലീഷ‌് പദ്ധതിയുണ്ട‌്. ഇത‌് എസ‌്എസ‌്എയാണ‌് നടത്തുന്നത‌്. സമാനപദ്ധതികൾ ഡിപിഐയുടെയും ഹയർ സെക്കൻഡറി ഡയറക്ടറുടെയും കീഴിലും നടത്തുന്നുണ്ട‌്. ഈ പദ്ധതികളുടെയെല്ലാം ലക്ഷ്യം ഒന്നാണ‌്. പല പദ്ധതികളായി ചിതറുന്നതുമൂലം ചെലവ‌് കൂടുന്നു. പഠനം ലളിതവും സുഗമവുമാക്കാനുള്ള പദ്ധതികൾക്കെല്ലാം സ‌്കൂളിലെ അധ്യാപകരെത്തന്നെയാണ‌് ചുമതലപ്പെടുത്തുന്നത‌്.

വിവിധ പദ്ധതികളുടെ ഫാക്കൽറ്റികളായി അധ്യാപകർ പോകുന്നതുമൂലം വാർഷിക അധ്യയനദിവസം 200 എന്നത‌് അസാധ്യമാകുന്നു. ഇത‌് ഒഴിവാക്കാനാണ‌് പ്രാഥമികവിദ്യാലയങ്ങൾമുതൽ ഹയർ സെക്കൻഡറിവരെയുള്ള ക്ലാസുകളിലെ അക്കാദമിക‌് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ആലോചിച്ചതെന്ന‌് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ  പറഞ്ഞു. ഏകീകരണം എങ്ങനെയെല്ലാം വേണമെന്നത‌് ചർച്ച ചെയ്‌ത‌് തീരുമാനിക്കാൻ എസ‌്സിഇആർടിയിൽ ശിൽപ്പശാലയും തുടങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ മുഴുവൻ സ്ഥാപനങ്ങളുടെയും മേധാവികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട‌്.

പ്രീ പ്രൈമറിമുതൽ പ്ലസ‌്ടുവരെയുള്ള ക്ലാസുകൾ ഒറ്റ യൂണിറ്റാക്കുന്നതുസംബന്ധിച്ച‌് പഠനം നടത്തി റിപ്പോർട്ട‌് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച എം എ ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട‌് ഒരുമാസത്തിനകം വരും. 

ഇൗ റിപ്പോർട്ട‌് ലഭ്യമായാൽ അത‌് വിശദമായി പഠിച്ചശേഷമേ സർക്കാർ തീരുമാനം കൈക്കൊള്ളൂവെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top