23 April Monday

അതിന്യൂനമർദം അറബിക്കടലിലേക്ക്

ദിലീപ് മലയാലപ്പുഴUpdated: Monday Mar 12, 2018



തിരുവനന്തപുരം > ശ്രീലങ്കയ്ക്ക് തെക്ക് നിലകൊള്ളുന്ന ന്യൂനമർദം അതിന്യൂനമർദമായി അറബിക്കടലിലേക്ക് നീങ്ങുമെന്ന് സൂചന. 24 മണിക്കൂറിനകം വടക്കുപടിഞ്ഞാറ് വടക്കുദിശയിൽ അറബിക്കടലിലേക്ക് എത്തുന്ന ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ താപനില 26‐27 ഡിഗ്രി സെൽഷ്യസായതിനാൽ അതി ന്യൂന മർദ്ദനമായി മാറി വടക്ക് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇത് ഗോവൻ തീരംവരെ എത്താനുള്ള സാധ്യത യൂറോപ്യൻ സെന്റർ ഫോർ മീഡിയംറേഞ്ച് വെതർ ഫോർകാസ്റ്റും പ്രവചിക്കുന്നു.

ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 മുതൽ 70 വരെ കിലോമീറ്റർവരെയായേക്കും. നിലവിൽ കന്യാകുമാരിയിൽനിന്ന് 400 നോട്ടിക്കൽ മൈൽ അകലെയാണ് ന്യൂനമർദം. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറുമായി നാലുദിവസംമുമ്പാണ് ന്യൂനമർദമേഖല രൂപപ്പെട്ടത്. ഇതിനെതുടർന്ന് ശ്രീലങ്കയിലും ഉൾക്കടലിലും കനത്ത മഴയാണ്്. കഴിഞ്ഞ നവംബറിൽ ഓഖി ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ട അതേമേഖലയിലാണ് ഈ ന്യൂനമർദവും നിലകൊള്ളുന്നത്.

ദക്ഷിണാർധ ഗോളത്തിൽനിന്നും കിഴക്കുനിന്നുമുള്ള വായുപ്രവാഹം ന്യൂനമർദത്തിന് അനുകൂലഘടകമാണ്. എന്നാൽ, ഈ മേഖലയ്ക്ക് തൊട്ടരികിലായുള്ള രണ്ടു ന്യൂനമർദ പാത്തികൾ ന്യൂനമർദത്തെ സ്വാധീനിക്കുമോയെന്നും വിലയിരുത്തലുണ്ട്. ന്യൂനമർദം കടന്നുപോകുന്ന പാത തിങ്കളാഴ്ചയോടെയേ  പ്രവചിക്കാനാകൂ. ബുധനാഴ്ച രാവിലെവരെ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
 

പ്രധാന വാർത്തകൾ
Top