26 September Wednesday

ഒടുവിൽ എംപി പൊന്നാനിയിലെത്തി യൂത്ത‌് ലീഗ‌് നേതാക്കളെ കാണാൻ

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018

പൊന്നാനി 

 പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട്  ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരെ കാണാനോ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിക്കാനോ സമയമില്ലാത്ത ഇ ടി മുഹമ്മദ‌്ബഷീർ  എംപി ഒടുവിൽ  പൊന്നാനിയിലെത്തി. എന്നാൽ ദുരിതബാധിതരെ കണ്ടില്ല, പകരം താലൂക്ക‌് ആശുപത്രിയിൽ യൂത്ത‌്‌ലീഗ‌് സംസ്ഥാന വൈസ് പ്രസിഡന്റ‌് ഫൈസൽ ബാഫക്കി തങ്ങളുൾപ്പെടെയുള്ള യൂത്ത‌് ലീഗ‌് നേതാക്കളെ സന്ദർശിച്ചു. 

     പ്രളയബാധിത വീടുകൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള അജൈവമാലിന്യം ഹാർബറിൽ താൽക്കാലികമായി നിക്ഷേപിക്കാൻ കൊണ്ടുപോയ ലോറി ബുധനാഴ‌്ച യൂത്ത‌്‌ലീഗുകാർ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ പൊലീസ‌് നീക്കുന്നതിനിടെയാണ‌് ഫൈസലിന‌് പരിക്കേറ്റത‌്. രാഷ‌്ട്രീയമുതലെടുപ്പ‌് ലക്ഷ്യമിട്ടായിരുന്നു തടയൽനാടകം. 

    രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരങ്ങളാണ് നഗരസഭ ഒരുക്കിയ ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞത്. നിരവധിയാളുകൾക്ക‌് വീട‌് നഷ്ടമായി. എല്ലാ ആഘോഷങ്ങളുംമാറ്റി ജനപ്രതിനിധികളും പൊതുജനങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമായപ്പോൾ ജർമനിയിലെ ഓണാഘോഷ പരിപാടിയിലായിരുന്നു ഇ ടി മുഹമ്മദ് ബഷീർ. പൊന്നാനി പൂർവസ്ഥിതി വീണ്ടെടുത്തെങ്കിലും വീട് നഷ്ടമായതിനാൽ ചമ്രവട്ടത്തെ ക്യാമ്പിൽ ഇപ്പോഴും നിരവധിപേരുണ്ട‌്. ജർമനിയിൽനിന്ന് തിരിച്ചെത്തി ആഴ്ചകൾകഴിഞ്ഞിട്ടും പ്രളയബാധിത മേഖലയിൽ എംപി വന്നില്ല. അതിൽ പ്രതിഷേധം ശക്തമാണ‌്. ആ സാഹചര്യത്തിലാണ‌് യൂത്ത‌്‌ലീഗ‌് നേതാക്കൾക്കരികെ പറന്നെത്തിയത‌്. ദുരിതബാധിതരെ കാണാൻ എന്തുകൊണ്ട് എത്തിയില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ മറ്റ് മേഖലകളിൽ പോയിരുന്നു എന്നായിരുന്നു എംപിയുടെ മറുപടി.

പ്രധാന വാർത്തകൾ
Top