13 November Tuesday
പ്രളയം

കാർഷികനഷ‌്ടം 98.19 കോടി

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018
 
മലപ്പുറം
മഹാപ്രളയത്തിൽ ജില്ലയിലെ കാർഷിക മേഖലക്ക് 98.19 കോടി രൂപയുടെ നഷ്ടം.  ആഗസ‌്ത‌് എട്ടുമുതൽ 28 വരെയുള്ള കണക്കാണിത‌്.  വാഴ, നെല്ല്, തെങ്ങ്, കവുങ്ങ‌്, വെറ്റില, റബർ, കുരുമുളക‌്, പച്ചക്കറി, കശുവണ്ടി എന്നിവയെല്ലാം നശിച്ചു. 
ജൂൺ ഒന്നുമുതൽ ആഗസ‌്ത‌് 28 വരെയുള്ള കണക്കുപ്രകാരം  116.76 കോടി രൂപയുടെ കൃഷിനാശം. 
വാഴകൃഷി നാമാവശേഷമായി.  മലയോര മേഖലയിലെ നിർത്താതെയുള്ള പേമാരിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വാഴകർഷകരെ പാടെ തകർത്തു. ഓണവിപണി ലക്ഷ്യമിട്ട‌് കൃഷിയിറക്കിയ നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ കർഷകരുടെ വിളവെടുപ്പിന‌് പാകമാകാറായ ലക്ഷക്കണക്കിന‌് വാഴക്കുലകൾ ഒലിച്ചുപോയി. അവശേഷിച്ചവ ചീഞ്ഞളിഞ്ഞു. വിളവെടുപ്പിന‌് പാകമായ 27,82,006 വാഴയും കുലയ‌്ക്കാൻ പാകമായിനിന്ന 11,82,872 എണ്ണവും വെള്ളത്തിലായി. 1585 ഹെക്ടറിലെ വാഴയാണ‌് 20 ദിവസത്തിനുള്ളിൽമാത്രം നശിച്ചത‌്. ഈ സീസണിലാകെ വിളവെടുപ്പിന‌് പാകമായ 33,71,009 വാഴയും കുലയ‌്ക്കാൻ പാകമായ 13,53,104 വാഴയും കാലവർഷത്തിൽ നശിച്ചു. 
കരകയറാനാവാതെ കർഷകർ
കടം വാങ്ങിയും ബാങ്ക‌് വായ‌്പയെടുത്തും കൃഷിയിറക്കിയെങ്കിലും വിളവെടുക്കുംമുമ്പ‌് എല്ലാം പ്രളയം കവർന്നത‌് വിശ്വസിക്കാനാകാതെ മണ്ണിൽ പൊന്നുവിളയിച്ചവർ. 20,950 കർഷകരുടെ വിളകളാണ‌് ഇല്ലാതായത‌്. ജില്ലയിലാകെ 4011 ഹെക്ടറിലെ കാർഷികവിളകൾ നശിച്ചു. ഈ സീസണിൽമാത്രം 5259 ഹെക്ടറിലെ കൃഷി ഉപയോഗശൂന്യമായി. 
തെങ്ങും 
കവുങ്ങും 
ജില്ലയുടെ പ്രധാന കാർഷികവിളകളായ തെങ്ങിനെയും കവുങ്ങിനെയും പ്രളയം വെറുതെ വിട്ടില്ല. വിളവെടുക്കുന്ന 23,952 തെങ്ങും കുലയ‌്ക്കാൻ പാകമായ 14,242 എണ്ണവും നശിച്ചു. കേരള മേഖലയിൽമാത്രം 6.21 കോടി രൂപയുടെ നഷ്ടമാണ‌് കൃഷി വകുപ്പിൽ റിപ്പോർട്ട‌് ചെയ‌്തിട്ടുള്ളത‌്. 223 ഹെക്ടർ സ്ഥലത്തെ തെങ്ങിൻതോപ്പുകൾ പുതിയ കൃഷിയിറക്കേണ്ട അവസ്ഥയിലായി. ഈ സീസണിലാകെ 41,082 തെങ്ങാണ‌് നശിച്ചത‌്. വിളവെടുക്കാനായ 1,02,931 കവുങ്ങും കുലയ‌്ക്കാൻ പാകമായ 50,463 ഉം നിലംപൊത്തി.  139.45 ഹെക്ടറിലായി 8.18 കോടിയുടെ നഷ്ടം.
നെല്ലും റബറും മറ്റ‌് കൃഷികളും
ടാപ്പ‌് ചെയ്യുന്ന 49,831 റബർ മരങ്ങളെയും ടാപ്പ‌് ചെയ്യാത്ത 15,081 മരങ്ങളെയും പേമാരി കവർന്നു. 129.82 ഹെക്ടർ സ്ഥലത്തെ റബർ കൃഷി നശിച്ചു. 401 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയും 54 ഹെക്ടർ സ്ഥലത്തെ നെൽ നേഴ‌്സറിയും വെള്ളത്തിനടിയിലായി. നെൽകൃഷിയിൽമാത്രം 80.32 ലക്ഷം രൂപയുടെ നഷ്ടം. 598 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയും 25,016 കുരുമുളക‌് കൊടികളും 16.33 ഹെക്ടർ സ്ഥലത്തെ വെറ്റില കൃഷിയും നാമാവശേഷമായി. വെറ്റിലയിൽ 19.19 ലക്ഷം രൂപയുടെയും പച്ചക്കറി കൃഷിയിൽ 1.49 കോടിയുടെയും നഷ്ടമുണ്ടായി. 
പ്രതീക്ഷ 
നഷ്ടപരിഹാര 
തുകയിൽ
കടബാധ്യതകളിൽനിന്ന‌് താൽക്കാലികമായെങ്കിലും രക്ഷനേടാൻ നഷ്ടപരിഹാര തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ‌് ജില്ലയിലെ ഭൂരിഭാഗം കർഷകരും. ഇത്തരത്തിൽ 2013 മുതലുള്ള നഷ്ടപരിഹാരം കർഷകർക്ക‌് കൈമാറാൻ സംസ്ഥാന സർക്കാർ 16 കോടി രൂപ  കലക്ടർക്ക‌് കൈമാറിയിട്ടുണ്ട‌്. ഈ തുകയിൽ 2018 ജൂലൈ വരെയുള്ള നഷ്ടപരിഹാരം നൽകാനാകുമെന്ന പ്രതീക്ഷയിലാണെന്ന‌് പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ യു സദാനന്ദൻ പറഞ്ഞു. ജൂലൈയിൽ ഇറങ്ങിയ ഉത്തരവ‌് പ്രകാരം നഷ്ടപരിഹാരം വിള ഇൻഷുറൻസ‌് ചെയ‌്തവർക്കുമാത്രമായി നിജപ്പെടുത്തിയിരുന്നെങ്കിലും പ്രളയം എല്ലാം തകർത്തതോടെ തൽക്കാലം നടപ്പിലാക്കേണ്ടെന്ന‌് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട‌്. വിളകൾക്ക‌് നിശ്ചയിച്ച പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതോടൊപ്പം ഇൻഷുർചെയ‌്തവർക്ക‌് വേറെയും ലഭിക്കും. 
തുക 
ഇപ്രകാരം
നെല്ല‌് ഹെക്ടർ 13,500, തെങ്ങ‌് ഒന്നിന‌്‐ 700, കുലയ‌്ക്കാത്ത തെങ്ങ‌്‐ 350, തെങ്ങിൻ തൈ‐102.80, വാഴ‐ 100, കുലയ‌്ക്കാത്ത വാഴ‐ 75, റബർ‐ 300, ടാപ്പ‌് ചെയ്യാത്ത റബർ‐ 200, കശുമാവ‌്‐ 150, കശുമാവ‌് തൈ‐ 102, കവുങ്ങ‌്‐ 150, കുലയ‌്ക്കാത്ത കവുങ്ങ‌്‐ 100, കുരുമുളക‌്‐ 75, വെറ്റില ഒരു സെന്റ‌്‐ 300.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top