19 September Wednesday

മീനിലെ മായം: പരിശോധനക്ക‌് പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018
മലപ്പുറം
മീനിലെ മായം പരിശോധിക്കാൻ  പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന‌്  കലക്ടർ അമിത് മീണ.  ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണിത‌്.  പ്രാദേശിക മത്സ്യവിപണിയിൽ മായം കണ്ടെത്താൻ  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് സംവിധാനമില്ലെന്ന വിജിലൻസ‌് കമ്മിറ്റി അംഗങ്ങളുടെ പരാതിയെ തുടർന്നാണ‌് നടപടിയെന്നും ജില്ലാ വിജിലൻസ് കമ്മിറ്റി യോഗത്തിൽ കലക്ടർ പറഞ്ഞു. 
 അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുക്കും.   ലൈസൻസുള്ള ക്വാറികളിൽ അനുവദനീയമല്ലാത്ത സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.  അത്തരം ക്വാറികൾ പ്രവർത്തിപ്പിക്കുന്ന  ഭൂവുടമകൾക്കെതിരെയും  ആവശ്യമെങ്കിൽ സ്‌ഫോടകവസ്തു നിരോധ  നിയമപ്രകാരം കേസെടുക്കും. സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് പരിശോധിക്കും. ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. ആനമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വ്യവസ്ഥ  പാലിക്കാതെ നിർമിച്ച കെട്ടിടത്തിലെ ക്ലാസ‌് തടയണമെന്ന പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട‌് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക‌് നിർദേശം നൽകി. വിജിലൻസ് കമ്മിറ്റിയിൽ വരുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കണം.  ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ  നേരിട്ടുവന്ന‌്  നടപടികൾ വിശദീകരിക്കണമെന്നും  കലക്ടർ നിർദേശിച്ചു.
വെള്ളിയാഴ‌്ച 10 പരാതിയാണ‌് വിജിലൻസ് കമ്മിറ്റിക്ക് മുമ്പാകെ പുതുതായി വന്നത്. വിജിലൻസ് ഡിവൈഎസ‌്പി എ രാമചന്ദ്രൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top