22 September Saturday
മരുന്നില്ല, മഞ്ഞുകട്ട മാത്രം

കേടില്ലാതെ നാണിയുടെ മീന്‍

കെ പി ഭാസ്‌കരന്‍Updated: Friday Jun 29, 2018

വണ്ടൂര്‍ ചെട്ടിയാറമ്മലുള്ള ആലിക്കാപറമ്പില്‍ ഉണ്ണിമൊയ്തീന്‍ എന്ന നാണി തന്റെ മത്സ്യക്കടയില്‍

 
വണ്ടൂർ 
'കൃത്യമായി ഐസ് ഇട്ടാൽ മത്സ്യം രണ്ട് ദിവസം കേടുകൂടാതെ നിൽക്കും. ഒരു മരുന്നിന്റെയും ആവശ്യമില്ല' നടുവത്ത് മീൻ വിൽക്കുന്ന വണ്ടൂർ ചെട്ടിയാറമ്മലുള്ള ആലിക്കാപറമ്പിൽ  ഉണ്ണി മൊയ്തീൻ എന്ന നാണി ഇക്കാര്യം പറയുന്നത് തന്റെ 41 വർഷത്തെ തൊഴിലനുഭവത്തിന്റെ പശ്ചാത്തലത്തിൽ. നാലുപതിറ്റാണ്ടായി വണ്ടൂരിലും പരിസരത്തും മീൻ കച്ചവടവുമായി നാണിയുണ്ട‌്. മഞ്ഞുകട്ടയല്ലാതെ മറ്റൊന്നും മീൻ നാശമാകാതിരിക്കാന്‍ നാണി ഉപയോഗിക്കില്ല. ആ ഫ്രഷ് മത്സ്യം വാങ്ങാൻ പതിവുകാർ ഏറെ.  
മീനിന്റെ  തിളക്കവും വാസനയും ഇന്നില്ലാതായെന്ന് നാണി പറയുന്നു. മുഴുവനും വിറ്റുതീർക്കുക എന്നല്ലാതെ സൂക്ഷിക്കുന്ന പതിവില്ലാത്ത ആദ്യകാലത്തെ കച്ചവടത്തെകുറിച്ച് നാണി ഓർമിച്ചു. ഓട, മുള എന്നിവകൊണ്ട് നിർമിച്ച കുട്ടയിലാണ് അന്ന് മത്സ്യംവരിക. നല്ല തിളങ്ങുന്ന മത്സ്യം. പിൽക്കാലത്ത് കുട്ടക്ക് പകരം മരപ്പെട്ടിയായി. അതോടൊപ്പം ലോറിയിൽ കുട്ടയൊ  പെട്ടിയൊ ഇല്ലാതെയും മത്സ്യംവരാൻ തുടങ്ങി. ലോറിയിൽനിന്ന് കുട്ടയിലേക്ക് കോരിക്കൊടുക്കുകയായിരുന്നു പതിവ്. ഒരുസ്ഥലത്ത് മീനെത്തുന്ന സമയം ജനങ്ങൾക്ക് അറിയാം. അവർ കാത്തുനിൽക്കും. തേക്കിൻ ഇലയിലോ  തകരചെടിയുടെ കമ്പിലോ  പാളകീറിയോ കോർത്തുനൽകുകയാണ് പതിവ്. ഒാരോ കച്ചവടക്കാരനും ബാക്കിവരാതെ മുഴുവനും വിറ്റുതീർക്കും. ബാക്കി വരികയാണെങ്കിൽ തെങ്ങിൻചുവട്ടിൽ കുഴിച്ചുമൂടും. 
കുട്ടയും  മരപ്പെട്ടിയും മാറി പ്ലാസ്റ്റിക് പെട്ടികളിൽ മത്സ്യം വരാൻ തുടങ്ങിയതോടെ മത്സ്യത്തിന്റെ  സ്വാഭാവിമായ തിളക്കം കുറയാൻ തുടങ്ങിയെന്നാണ് നാണി പറയുന്നത്. രാസവസ്തുക്കൾ ഇടുന്നതിനാൽ മാത്രമാണിതെന്ന്  പറയാൻവയ്യ. പ്ലാസ്റ്റിക് പെട്ടി വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ഈ മാറ്റം. മത്സ്യത്തിൽ രസവസ്തുക്കൾ ഉപയോഗിക്കുന്നു എന്ന പ്രചാരണം വന്നതുമുതൽ വിൽപ്പന നേർപകുതിയായി. മത്സ്യംസൂക്ഷിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുപാടില്ല എന്നാണ് നാണിയാക്കയുടെ അഭിപ്രായം. ആദ്യകാലത്ത് റോഡരികിലായിരുന്നു കച്ചവടം. വാടകമുറിയിൽ കച്ചവടം തുടങ്ങിയിട്ട് പത്ത് വർഷമേ ആയുള്ളൂ. 
പ്രധാന വാർത്തകൾ
Top