18 November Sunday

നെൽകൃഷി വ്യാപിപ്പിക്കാൻ നാലരക്കോടി

സ്വന്തം ലേഖകൻUpdated: Friday Jun 29, 2018

 

 
മഞ്ചേരി 
ജില്ലയിൽ നെൽകൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങി കൃഷി വകുപ്പ്. നെൽകൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനായി ജില്ലയിലെ 100 കൃഷിഭവനുകൾവഴി നാലരക്കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. കുന്നിൻപുറങ്ങളിലും വീട്ടുവളപ്പിലുമായി ലഭ്യമായ 325 ഹെക്ടറിൽ ഇക്കുറി കരനെൽകൃഷിയിറക്കാനാകുമെന്നാണ് പ്രതീക്ഷ. ഹെക്ടർ ഒന്നിന് 13,600 രൂപ സബ്‌സിഡിയും നൽകും. ആവശ്യപ്പെടുന്നമുറക്ക് സീഡ് കേന്ദ്രങ്ങളിൽ തയ്യാറാക്കിയ മുന്തിയയിനം വിത്തും കർഷകർക്ക് കൃഷിഭവനുകൾവഴി എത്തിച്ചുനൽകും. 
വിരിപ്പ്, പുഞ്ച, മുണ്ടകൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നിലവിൽ 7000 ഹെക്ടറിലായി 8600 കർഷകരാണ് നെൽകൃഷിയിറക്കുന്നത്. ഹെക്ടർ ഒന്നിന് 3.4 ടൺവരെയാണ് ശരാശരി വിളവ്  ലഭിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യം. ഇതിനായി അത്യുൽപാദനശേഷിയുള്ള നെൽവിത്തുകൾ ഉപയോഗിച്ച് പ്രാദേശികമായ ഭൂമിയുടെ സ്വഭാവത്തിന് അനുസരിച്ച് കൃഷിചെയ്യുന്നതിന് സഹായം നൽകും. 450 ഹെക്ടറിലാണ് വിരിപ്പ് പ്രതീക്ഷിക്കുന്നത്. പുഞ്ചയിൽ 2300ഉം, മുണ്ടകനിൽ 4500 ഹെക്ടറിലും ഇക്കുറി നെൽകൃഷി ഇറക്കും. പുതുതായി കൃഷിയിറക്കാൻ തയ്യാറുള്ളവർക്ക് 25,000 സബ്‌സിഡിയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും. 
സുസ്ഥിര നെൽകൃഷിയിൽ ഉൾപ്പെടുത്തി ഹെക്ടർ ഒന്നിന് 5500 രൂപയും കർഷകർക്ക് നൽകും. പാടശേഖര സമിതികളുടെ പ്രവർത്തനങ്ങൾക്കായി ഹെക്ടർ ഒന്നിന് 320 രൂപവച്ച് ലഭ്യമാക്കാനും നിർദേശമുണ്ട്. ഇതിനുപുറമെ അപൂർവ ഇനത്തിൽപ്പെട്ട  വിത്ത് ഇറക്കുന്നവർക്ക് ഹെക്ടർ ഒന്നിന് 10,000 രൂപ സബ്‌സിഡി നൽകും.    വർഷങ്ങളായി കൃഷിചെയ്യാത്ത 1900 ഹെക്ടർ നെൽപ്പാടങ്ങളുടെ പട്ടിക കഴിഞ്ഞവർഷംതന്നെ തയാറാക്കി. തരിശുനിലം കണ്ടെത്തി പുതുതായി കൃഷിയിറക്കുന്നവർക്ക് ഒന്നാംഘട്ടത്തിൽ 30,000 രൂപയും രണ്ടാംഘട്ടത്തിൽ 7000 രൂപയും, മൂന്നാം ഘട്ടത്തിൽ 4500 രൂപയും സഹായമായി നൽകും. ഒറ്റ വിളയിറക്കുന്നതിന് പകരം രണ്ട് വിളയിറക്കുന്ന കർഷകർക്ക് 10,000 രൂപ നൽകാനും പദ്ധതിയുണ്ട്. കുമ്മായം, മറ്റ് സൂക്ഷമമൂലകങ്ങൾ എന്നിവക്കായി 500 മുതൽ 4500 രൂപയും അനുവദിക്കും. മുൻവർഷങ്ങളെക്കാൾ കൂടുതൽ ഉൽപ്പാദനം ലക്ഷ്യമിട്ടാണ് പുതിയ സഹായ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. തരിശുനിലങ്ങൾ കണ്ടെത്തി പഞ്ചായത്ത്, പാടശേഖര സമിതികൾ, സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീകൾ തുടങ്ങിയവയെകൊണ്ട് കൃഷിയിറപ്പിക്കാനാണ് പദ്ധതി. കർഷകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് കൃഷിഭവനുകളിൽ സൗകര്യമുണ്ടാകും. നെൽവയലുകൾ മറിച്ചുവിൽക്കുന്നതും പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ കരഭൂമിയായി മാറ്റുന്നതും തടയും. വയൽ കരഭൂമിയാക്കി മാറ്റുന്നതിനുള്ള അപേക്ഷകളിൽ സൂക്ഷമ പരിശോധനയുണ്ടാകുമെന്നും വകുപ്പ് അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top