20 September Thursday

ഊരുകളില്‍ സഹായവുമായി ജനമൈത്രി എക്‌സൈസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
എടക്കര 
പ്രളയക്കെടുതിയിൽ ദുരിതത്തിലായ നിലമ്പൂർ മേഖലയിലെ ആദിവാസി ഊരുകളിൽ സഹായവുമായി ജനമൈത്രി എക്‌സൈസ്.  സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് എക്‌സൈസ് സംഘം സഹായമെത്തിക്കുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപ്പാടം കുടിയിലെ 40 കുടുംബങ്ങൾക്ക് വള്ളുവമ്പ്രം അബാക്കസ് അക്കാദമിയിലെ അധ്യാപകരും വിദ്യാർഥികളും സമാഹരിച്ച 'കാരുണ്യത്തിന്റെ കിറ്റുകൾ' വിതരണംചെയ്തു. കിറ്റിൽ അരി, ചായപ്പൊടി, പഞ്ചസാര, പുൽപ്പായ, ലുങ്കികൾ, മാക്‌സി, ബക്കറ്റ്, സോപ്പ്, പേസ്റ്റ്, ചെരുപ്പ് തുടങ്ങി ദൈനംദിനം ഉപയോഗിക്കുന്ന അത്യാവശ്യസാധനങ്ങളുണ്ട്. 
ലളിതമായ ചടങ്ങിൽ  ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. അസി. എക്‌സൈസ്  ഇൻസ്‌പെക്ടർ (ഗ്രേഡ്) പി സി സുനിൽ കുമാർ അധ്യക്ഷനായി. വാർഡ് മെമ്പർ  ഒ ടി പ്രഭാവതി കുടിയിലെ മുതിർന്ന അംഗങ്ങളായ ചേന്നൻ, വില്ലി, മന്നി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യകിറ്റ് വിതരണംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ  ഫിറോസ് ഖാൻ, നജീബ് എന്നിവർ സന്ദേശം നൽകി. പ്രിവന്റീവ് ഓഫീസർ ആർ പി സുരേഷ് ബാബു ലഹരിവിരുദ്ധ സന്ദേശം നൽകി. ഫിനാൻഷ്യൽ ലിറ്റററി കൗൺസിൽ ഉപദേശക വിദ്യാവതി കോളനിക്കാരുടെ ബാങ്കിങ് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി. സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വി മുകുന്ദലാഷ്, ബി ഹരിദാസ് എന്നിവരും അങ്കണവാടി അധ്യാപിക റയ്ഹാനത്തും പരിപാടിക്ക് നേതൃത്വം നൽകി. സിവിൽ എക്‌സൈസ് ഓഫീസർ ഇ ജിഷിൽ നായർ സ്വാഗതവും ഊരുമൂപ്പൻ  ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 
ബലിപെരുന്നാൾ ദിനത്തിൽ ജനമൈത്രി എക്‌സൈസ്, ഒഴുകൂർ ജിഎംയുപിഎസ്  സ്‌കൂൾ, പ്രവാസി കൂട്ടായ്മ, പുതുമ ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഏകദേശം 1,25,000 രൂപയുടെ സാധനങ്ങൾ മൂന്ന് പട്ടികവർ​ഗ കുടികളിൽ വിതരണംചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായാണ് സാധനങ്ങൾ ശേഖരിച്ചത്. ആറ് ചാക്ക് അരി, 200 കിലോ പഞ്ചസാര, 15 കിലോ ചായപ്പൊടി, കൂടാതെ ചെറുപയർ, മണിക്കടല, പരിപ്പ്, ബിസ്‌കറ്റ്, ടൂത്ത്‌പേസ്റ്റ്,  ബ്രഷ്, ബക്കറ്റ്, പായ, പുതപ്പ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ എന്നിവയാണ് വിതരണംചെയ്തത്. 
വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം കുടിയിലെ 11 കുടുംബങ്ങൾ, നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ വല്ലപ്പുഴ കുടിയിലെ 24 കുടുംബങ്ങൾ, മുക്കർശി കുടിയിലെ 18 കുടുംബങ്ങൾ അടക്കം 53 വീട്ടുകാർക്കാണ്  ഇവ നൽകിയത്. അധ്യാപകരായ ആർ കെ ദാസ്, കെ മൊയ്തീൻകുട്ടി, ഇ മുഹമ്മദ് അഷ്‌റഫ്, പിടിഎ പ്രസിഡന്റ് ജാബിർ, പ്രവാസി കൂട്ടായ്മയിലെ ജാഫർ അമീൻ, പുതുമ ക്ലബ്ബിലെ ഇസ്ഹാഖ്, ഷഫീർ, ഗിരീഷ്, പ്രജിഷ് എന്നിവരും ഒഴുകൂർ സ്‌കൂളിലെ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top