15 November Thursday

ആശ്വാസമായി സപ്ലൈകോ ഓണച്ചന്തകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
മലപ്പുറം
പ്രളയത്തിനുശേഷമുള്ള ഉത്സവനാളുകൾക്ക‌് നിറംമങ്ങാതിരിക്കാൻ  സംസ്ഥാനത്ത‌് സപ്ലൈകോ ഓണം ചന്തകൾ സജീവം. തൊഴിൽ മേഖലകളിലെല്ലാം പ്രതിസന്ധി നേരിടുന്നതിനാൽ വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭിക്കുന്ന ചന്തകൾ സാധാരണക്കാർക്ക‌് ആശ്വാസമാകുകയാണ‌്. പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റത്തിൽനിന്ന്  സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സപ്ലൈകോ ഓണച്ചന്തകളിൽ  സാധനങ്ങൾ വാങ്ങാൻ വലിയ തിരക്കാണ്. സംസ്ഥാനത്താകെ 1479 സപ്ലൈകോ ഓണച്ചന്തകളുണ്ട‌്. മിക്ക സ്ഥലങ്ങളിലും ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളുമുണ്ട്. 
14 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിതരണംചെയ്യുന്നത്. സബ്‌സിഡിരഹിത ഉൽപ്പന്നങ്ങളും വിപണി വിലയേക്കാൾ കുറവിലാണ് ലഭ്യമാക്കുന്നത്. ജയ അരിക്ക് സബ്‌സിഡി നിരക്കിൽ 25 രൂപയാണ്. 36 മുതൽ 37 വരെയാണ് വിപണിവില. കുറുവ 25 (32), പച്ചരി 23 (25), മട്ട 24 (38), ഉഴുന്ന് 58 (70), കടല 43 (66), തുവരപ്പരിപ്പ് 65 (74), മുളക് 75 (126), മല്ലി 65 (76), ചെറുപയർ 70 (84), പഞ്ചസാര 22 (38), വൻപയർ 45 (66) എന്നിങ്ങനെയാണ് സപ്ലൈകോയിലെയും പൊതുവിപണിയിലെയും വില. ബ്രാക്കറ്റിലുള്ളതാണ് പൊതുവിപണിയിലെ വില. 
ഒരു കുടുംബത്തിന് സബ്‌സിഡി നിരക്കിൽ അഞ്ച് കിലോ അരിയും മൂന്ന് കിലോ പച്ചരിയും ഉഴുന്ന്, പഞ്ചസാര, കടല, വൻപയർ, ചെറുപയർ എന്നിവ ഓരോ കിലോവീതവും ലഭിക്കും. മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ അരക്കിലോ വീതം ലഭിക്കും. സബ്‌സിഡി ഉൽപ്പന്നങ്ങൾ കൂടാതെ ജീരകം, കടുക്, ഉലുവ, വെള്ളക്കടല, കുരുമുളക്, ചെറുപയർ പരിപ്പ് എന്നിവയും വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. ജീരകം 240, കടുക് 62, ഉലുവ 54, വെള്ളക്കടല 75, ചെറുപയർ പരിപ്പ് 80 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. ഇവകൂടാതെ ശബരി ഉൽപ്പന്നങ്ങളും വിൽപ്പനയ‌്ക്കുണ്ട‌്.
പ്രധാന വാർത്തകൾ
Top