11 December Tuesday

പുനരധിവാസത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
മലപ്പുറം
കാലവർഷക്കെടുതിയിൽ തകർന്ന ജില്ലയിലെ വിവിധ മേഖലകളുടെ പുനർ നിർമാണത്തിനും വീട് പൂർണമായി നശിച്ചവരുടെ പുനരധിവാസത്തിനും സമ്പൂർണ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ്  തീരുമാനം. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷർ എന്നിവർ പങ്കെടുത്തു. 
എംഎൽഎമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും മേഖലയിലെ ഉദ്യോഗസ്ഥൻമാരുടെയും യോഗം വിളിക്കും. 31നകം കെടുതി അനുഭവിച്ചവരുടെ മുഴുവൻ വീടുകളും പരിസരവും വൃത്തിയാക്കും.  മുഴുവൻ പേരെയും സ്വന്തം വീടുകളിൽ തിരിച്ചെത്തിക്കും. വീടുകൾ നശിച്ച കേസുകളിൽ പുനർ നിർമാണം നടക്കുന്നതുവരെ വാടക വീടുകളിൽ താമസിക്കുന്നതിന് സൗകര്യം ഉണ്ടാക്കും.
പഞ്ചായത്തുകൾ പുനരധിവാസത്തിന്  പ്രത്യേക പദ്ധതി തയ്യാറാക്കും. ഇതു ക്രോഡീകരിച്ചാവും ജില്ലാതലത്തിൽ മാസ്റ്റർ പ്ലാൻ ഒരുക്കുക. കാലവർഷക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡിപ്പാർട്ടുമെന്റുകൾ പ്രത്യേക അദാലത്ത് നടത്തി ആയത് പുനഃസ്ഥാപിച്ചുനൽകും.
യോഗത്തിൽ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, എംഎൽഎമാരായ എ പി അനിൽകുമാർ, പി കെ  അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി വി അൻവർ, വി അബ്ദുറഹിമാൻ, അഡ്വ. എം ഉമ്മർ, പി കെ ബഷീർ, പി  ഉബൈദുള്ള, കെ കെ ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. കെ എൻ എ ഖാദർ, പി അബ്ദുൽ ഹമീദ്, ടി എ അഹമ്മദ് കബീർ, കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് ചീഫ് പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 
വാർഡ് സാനിറ്റേഷൻ കമ്മിറ്റിക്ക് 10,000 രൂപകൂടി
മലപ്പുറം
പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ പൊതു ശുചീകരണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റിക്ക് 10,000 രൂപകൂടി അധികമായി നൽകും. നേരത്തെ  വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് 25,000 രൂപ നൽകിയിരുന്നു. വാർഡ് മെമ്പറാണ് ശുചീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ. കെടുതികളനുഭവിച്ചവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3800 രൂപ അനുവദിക്കും.
വീടുകൾ തകർന്നവർക്ക് 
10 ലക്ഷം സഹായം നൽകും
മലപ്പുറം
കാലവർഷക്കെടുതിയിൽ വീടുകൾ തകർന്നവർക്ക് പുതിയ വീടുകൾ ഉണ്ടാക്കുന്നതിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.  വീട് ഒന്നിന് നാല് ലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് സർക്കാർ ഉത്തരവിട്ടുണ്ട്. ഇത് പാലിച്ച് നടപടി പൂർത്തിയാക്കണം. വീടുകൾ തകർന്ന ജില്ലയിലെ മുഴുവൻ പട്ടിക വിഭാഗക്കാർക്കും വീട‌്നിർമിച്ച് നൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ അറിയിച്ചു.
നാശനഷ്ടം ഉണ്ടായവർ അപേക്ഷ നൽകണം
മലപ്പുറം
കെടുതിയനുഭവിച്ചവർ ഇതുസംബന്ധിച്ച കണക്ക് അതത് വില്ലേജ് ഓഫീസർക്ക് സമർപ്പിക്കണം. ക്യാമ്പുകളിൽ താമസിച്ചവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന ധാരണ തെറ്റാണ്. എല്ലാവർക്കും അപേക്ഷ നൽകുന്നതിന് വില്ലേജ് ഓഫീസുകളിൽ സൗകര്യം ഉണ്ടാവും. ഇതുസംബന്ധിച്ച് കണക്ക് തയ്യാറാക്കുന്നതിന് പ്രത്യേക ടീമിനെ കലക്ടർ നിയോഗിക്കും.
പ്രധാന വാർത്തകൾ
Top