23 September Sunday

സുലൈമാനും സംഘവും രക്ഷിച്ചത‌് 200 പേരെ

സ്വന്തം ലേഖകൻUpdated: Thursday Aug 23, 2018

വണ്ടൂർ

തുവ്വൂരിലെ കുഞ്ഞിമരക്കാർ വീട്ടിൽ സുലൈമാ (51)ന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചെടുത്തത് പ്രളയത്തിൽ കുടുങ്ങിക്കിടന്ന 200ഓളം പേരെ.   പൊന്നാനി സ്വദേശിയായ ഈ മത്സ്യത്തൊഴിലാളി വർഷങ്ങളായി  തുവ്വൂർ ആമപ്പൊയിലിലാണ് കുടുംബത്തോടൊപ്പം താമസം. തൃശൂർ ജില്ലയിലായിരുന്നു രക്ഷാപ്രവർത്തനം. സുലൈമാനെ ആദരിക്കണമെന്നാവശ്യപ്പെട്ട‌് തൃശൂർ താലൂക്ക് ഓഫീസിലെ ബിജു നാരായണൻ തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലനെ വിളിച്ചതിനെ തുടർന്നാണ്  രക്ഷാപ്രവർത്തനത്തിനുപോയ വിവരം നാട്ടുകാർ അറിയുന്നത്.
തൃശൂർ ചാവക്കാടാണ് സുലൈമാൻ സ്രാങ്കായി ജോലിചെയ്യുന്നത്. ഇവിടെനിന്നാണ് തൃശൂർ തഹസിൽദാരുടെയും  ചാവക്കാട്  പൊലീസിന്റെയും ആവശ്യപ്രകാരം സുലൈമാനും കൂടെയുള്ള ഹംസ, മണി, ഇഖ്ബുദ്ദീൻ എന്നിവർ നാഗൂർ ആണ്ടവൻ ഫൈബർ വള്ളത്തിൽ പുത്തൂർ പഞ്ചായത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പൊഴവെള്ളം, മൽത്താക്കര തുടങ്ങിയ പ്രദേശങ്ങളിലുമെത്തി.  ഇഷ്ടികക്കളത്തിൽ ജോലിചെയ്യുന്ന ബംഗാളി സ്വദേശികളെയാണ‌് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയ നിലയിൽനിന്ന് ആദ്യമായി സംഘം രക്ഷപ്പെടുത്തിയത‌്. ഇതിൽ പ്രായമായ നാല് സ്ത്രീകളുമുണ്ടായിരുന്നു. 16, 17 തീയതികളിലായി രാത്രി 10.30 വരെ സുലൈമാനും സംഘവും രക്ഷാപ്രവർത്തനം നടത്തി. സീസൺ സമയത്ത് മൂന്ന് മാസംമാത്രമാണ് ചാവക്കാട് മത്സ്യമേഖലയിൽ പണിയെടുക്കുക. മറ്റ് മാസങ്ങളിൽ വേറെ ജോലിക്ക് പോകും.  വെച്ചുകെട്ടിയ ഒരു വീട്ടിലാണ് സുലൈമാന്റെ കുടുംബം താമസിക്കുന്നത‌്. പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുണ്ട്. ഇദ്ദേഹത്തെ ആദരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.
പ്രധാന വാർത്തകൾ
Top