21 September Friday

രജത ജൂബിലി നിറവില്‍ സംസ്‌കൃത സർവകലാശാലാ തിരൂര്‍ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ സെന്റർ

മലപ്പുറം 
കാലടി മുഖ്യകേന്ദ്രമായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല നിലവിൽവന്നിട്ട് 25 വർഷം. അതേ വർഷം നിലവിൽവന്ന  തിരൂർ പ്രാദേശിക കേന്ദ്രത്തിനും രജത ജൂബിലി നിറവ്. തിരൂരിൽ പൂങ്ങോട്ടുകുളത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ പ്രാദേശിക കേന്ദ്രം 2007﹣ലാണ് തിരുന്നാവായയിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. സംസ്‌കൃത സാഹിത്യം, വ്യാകരണം, മലയാളം, ഹിന്ദി, അറബി, ഇംഗ്ലീഷ്, ചരിത്രം, എംഎസ്ഡബ്ല്യു എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളും സംസ്‌കൃത വ്യാകരണത്തിന്റെ ബിരുദ കോഴ്‌സും ഈ കേന്ദ്രത്തിലുണ്ട്. സംസ്‌കൃത സാഹിത്യത്തിന്റെയും മലയാളത്തിന്റെയും പിഎച്ച്ഡിക്കുള്ള ഗവേഷണ കേന്ദ്രംകൂടിയാണിത്. 
സംസ്‌കൃതത്തിനും മലയാളത്തിനും ചരിത്രത്തിൽ വലിയ സംഭാവന നൽകിയ പ്രദേശമെന്നനിലയിലാണ് തുടക്കത്തിൽത്തന്നെ തിരൂരിൽ സർവകലാശാലാ പ്രാദേശിക കേന്ദ്രം സ്ഥാപിച്ചത്. പാരമ്പര്യ വിജ്ഞാനത്തെ മനസ്സിലാക്കുന്നതോടൊപ്പം അതിനെ സമകാലികവൽക്കരിക്കലും ഈ പ്രദേശത്തിന്റെ സാംസ്‌കാരികമായ ഭാവിപുരോഗതിയും ഈ കേന്ദ്രത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങളാണെന്ന് ക്യാമ്പസ് ഡയറക്ടർ ഡോ. എൽ സുഷമ പറഞ്ഞു. 
തിരുന്നാവായയും തിരൂരും ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അവലോകനംചെയ്യുന്ന ചർച്ചാ സമ്മേളനമാണ് രജത ജൂബിലി ആഘോഷത്തിന്റെ മുഖ്യമായ ഊന്നൽ. കഴിഞ്ഞ  മാർച്ചിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഈ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. 24 മുതൽ 28 വരെയാണ്  ആഘോഷ പരിപാടി.  

 

പ്രധാന വാർത്തകൾ
Top