22 September Saturday

മലപ്പുറത്തുമാത്രം 295 ആദിവാസി ഊരുകൾ തകർന്നു

ടി വി സുരേഷ‌്Updated: Tuesday Aug 21, 2018

ആദിവാസി ഊരുകളിലെ തകർന്ന വീടുകളിലൊന്ന് (ഫയൽ ചിത്രം)

 
മഞ്ചേരി
മലപ്പുറം ജില്ലയിൽ പെരുമഴ ദുരിതത്തിലാക്കിയത് 295 ആദിവാസി ഊരുകളെ. ഊർങ്ങാട്ടിരി, ചാലിയാർ, എടവണ്ണ, കരുവാരക്കുണ്ട്, പോത്തുകല്ല് പഞ്ചായത്തുകളിൽ നാശംവിതച്ച പേമാരിയിലും  ഉരുൾപൊട്ടലിലും 11 വീട‌് പൂർണമായും 600 വീട‌് ഭാഗികമായും തകർന്നു. 
വെറ്റിലപ്പാറ വില്ലേജിൽ അഞ്ചും ആഢ്യൻപാറയിൽ ആറും വീടുകളുമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. നെല്ലിയായി കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചു. 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 1541 പേരെ മാറ്റിപ്പാർപ്പിച്ചു. ആദിവാസി സംരക്ഷണ പദ്ധതിപ്രകാരം കൃഷിചെയ‌്ത റബർ ഉൾപ്പെടെ ഹെക്ടർകണക്കിന് വിളകൾ നശിച്ചതായും ഐടിഡിപി അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 
പുഞ്ചക്കൊല്ലി, അളക്കൽ, വെറ്റിലക്കൊല്ലി, പാലക്കയം, ഓടക്കയം, നെല്ലിയായി ഊരുകളിലാണ് പേമാരി വലിയ ദുരിതംവിതച്ചത‌്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട 5022 പേർക്ക‌് പേമാരിമൂലം നേരിട്ടും അല്ലാതെയും പ്രതിസന്ധിയുണ്ടായി.  ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന 12 ഊരുകളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
800 പേരെ താമസിപ്പിച്ച ഊർങ്ങാട്ടിരി വെറ്റിലപ്പാറ ഗവ. ഹൈസ്കൂളാണ്  മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്. ഓടക്കയം, നെല്ലിയായി, കുരീരി, ആലാപ്പാറ ഊരുകളിലെ മുതുവ, പണിയ വിഭാഗത്തിൽപ്പെട്ട 140 കുടുംബങ്ങളിലെ 448 പേരാണ് ഈ ക്യാമ്പിൽ അഭയംതേടിയത്. തൊട്ടടുത്തുള്ള ഹോളിക്രോസ് കോൺവെന്റ‌് സ്കൂളിൽ 14 കുടുംബങ്ങളിലെ 33 പേരെയും കക്കാടംപൊയിലിൽ 19 കുടുംബങ്ങളിലെ 66 പേരെയും താമസിപ്പിച്ചു. എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര ക്യാമ്പിൽ 13 കുടുംബങ്ങളിലെ 24 പേരുണ്ട്. പുള്ളിപ്പാടം ജിഎച്ച്എസ്എസിൽ 12 കുടുംബങ്ങളിലെ 28 പേരും വീട്ടിക്കുത്ത് റൂബി ചർച്ചിൽ 63 പേരും വാടംകോളനിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ 57 കുടുംബങ്ങളിലെ  213 പേരെയും സുരക്ഷിതമായി താമസിപ്പിച്ചു. ചാലിയാർ പഞ്ചായത്തിൽ മതിൽമൂല, നായ്ക്കൽചോല കോളനികളിൽനിന്നുള്ള 174 പേരെ എരഞ്ഞിമങ്ങാട് യത്തീംഖാനയിലാണ് താമസിപ്പിച്ചത്. വെറ്റിലക്കൊല്ലിയിലുള്ളവരെ മൂലേപ്പാടം ക്യാമ്പിലാണ് താമസിപ്പിച്ചത്. ഇവിടെ 26 കുടുംബങ്ങളിലെ 61 പേരുണ്ട്. ജിഎൽപിഎസ് വാളാംകുണ്ടിൽ 54 പേരെയും എരഞ്ഞിമങ്ങാട് ജിഎൽപിഎസിൽ 63 പേരെയും ഇടിവണ്ണയിലെ ക്യാമ്പിൽ 46 പേരെയും താമസിപ്പിച്ചു. പൂതാനത്തെ ക്യാമ്പിൽ 15 കുടുംബങ്ങളിലെ 57 പേരുണ്ട്. കരുവാരക്കുണ്ട് നളന്ദ കോളേജിൽ 78 പേരയാണ് താമസിപ്പിച്ചത്. കാളികാവ് അടക്കാക്കുണ്ട് ജിഎൽപി സ്കൂളിൽ 19 പേരുണ്ട്. 
 മഴമാറി മാനം തെളിഞ്ഞതോടെ മിക്കവരും വീടുകളിലേക്ക് മാറിത്തുടങ്ങി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നാടാകെ ഓടിയെത്തി.
 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ച ഭക്ഷ്യവസ‌്തുക്കളും വസ‌്ത്രങ്ങളും മറ്റ് സാധനങ്ങളും  ജനങ്ങളുടെ ഉദാരമനസ‌്കതയ‌്ക്ക‌് ഉദാഹരണമാണെന്ന് ഐടിഡിപി പ്രൊജക്ട‌് ഓഫീസർ പി ശ്രീകുമാർ പറഞ്ഞു. രാപകൽ വ്യത്യാസമില്ലാതെ സേവനസന്നദ്ധരായി അസി. പ്രൊജക്ട‌് ഓഫീസർ എൻ സബീർ, ടിഒമാരായ ടി ഗോപകുമാർ, അജീഷ് പ്രഭ, ഷൈജു എന്നിവരും  പ്രവർത്തിക്കുന്നു.
പ്രധാന വാർത്തകൾ
Top