Top
28
Friday, April 2017
About UsE-Paper

വിപ്ളവ സൂര്യന്റെ ജന്മഗൃഹത്തില്‍നിന്ന് എം ബി ഫൈസലിന്റെ പര്യടനം

Tuesday Mar 21, 2017
* സ്വന്തം ലേഖകന്‍
ഏലംകുളം മനയിലെത്തിയ അഡ്വ. എം ബി ഫൈസലിനെ ഇ എം എസിന്റെ കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നു

 

 
പെരിന്തല്‍മണ്ണ > വിപ്ളവ സൂര്യന്‍ ഇ എം എസിന്റെ ജന്മഗൃഹത്തില്‍നിന്ന് എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പര്യടനം. നവ കേരള സൃഷ്ടിക്കായി പോരാട്ട കാഹളം മുഴങ്ങിയ ഏലംകുളം മന ഒരിക്കല്‍കൂടി പടയൊരുക്കത്തിന്റെ രംഗഭൂമികയായി. 
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് വിജയിക്കുമെന്ന ദൃഢനിശ്ചയത്തോടെ യുവ പോരാളി അഡ്വ. എം ബി ഫൈസലിന്റെ പ്രചാരണം വിപ്ളാവാചാര്യന്റെ ജന്മഗൃഹത്തിന്റെ പരിസരത്ത് ആരംഭിച്ചപ്പോള്‍ ആവേശം അലതല്ലി. തിങ്കളാഴ്ച രാവിലെ ഏലംകുളം മനയിലെത്തിയ സ്ഥാനാര്‍ഥിയെ ഇ എം എസിന്റെ സഹോദര പുത്രന്മാരായ ഇ എം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഇ എം നാരായണന്‍ നമ്പൂതിരിപ്പാട്, മക്കളായ ഇ എം മിഥുന്‍, ഇ എം യദു എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സിപിഐ എം പെരിന്തല്‍മണ്ണ ഏരിയാ സെക്രട്ടറി വി രമേശന്‍, എന്‍ പി ഉണ്ണികൃഷ്ണന്‍, പി ഗോവിന്ദപ്രസാദ്, സി കുഞ്ഞിരാമന്‍, എ എം എന്‍ ഭട്ടതിരിപ്പാട്, എന്‍ വാസുദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായി. ഏലംകുളത്തെ പാര്‍ടി കാരണവരും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം എം അഷ്ടമൂര്‍ത്തിയെ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. 
ആലിപ്പറമ്പ്, ആവണ്ണൂര്‍മന, ആനമങ്ങാട് എയുപി സ്കൂള്‍, പാറല്‍ പഞ്ചായത്ത് ഓഫീസ്, തൂത, പുന്നക്കുന്ന്, കരിങ്കല്ലത്താണി, മാട്ടറ, വെട്ടത്തൂര്‍, കാപ്പ്, തേലക്കാട്, വേങ്ങൂര്‍, പട്ടിക്കാട്, പെരിന്തല്‍മണ്ണ, വലിയങ്ങാടി ടൌണ്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ഉച്ചക്ക്ശേഷം മങ്കട മണ്ഡലത്തിലെ ഭാസ്കരപ്പടി, പാങ്ങ്, ചേണ്ടി, ചെറുകുളമ്പ്, പരവക്കല്‍, പുഴക്കാട്ടിരി, പുത്തനങ്ങാടി, അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, മങ്കട, വെള്ളില, കോഴിക്കോട്ട് പറമ്പ്, കോഴിപ്പറമ്പ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വി ശശികുമാര്‍, അഡ്വ. സി എച്ച് ആഷിഖ്, വി രമേശന്‍, എം മുഹമ്മദ് സലീം, മോഹനന്‍ പുളിക്കല്‍, അഡ്വ. ടി കെ റഷീദലി എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായി.