12 December Wednesday

മയക്കുപൊടി നൽകി കവർച്ച വീട്ടുജോലിക്കാരിക്ക‌് സഹായിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018
 
വീട്ടുകാര്‍ക്ക്  മയക്കുപൊടി കലർത്തിയ പാനീയം നൽകി കവർച്ചനടത്തി വേലക്കാരി മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. പൊലീസ‌് തെരയുന്ന വീട്ടുജോലിക്കാരി മാരിയമ്മക്ക‌് സഹായിയുണ്ടായിരുന്നതായി പൊലീസിന‌് സൂചന ലഭിച്ചു. 
തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഖാലിദലിയുടെ വീട്ടിലായിരുന്നു കവർച്ച. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാലിദലി, ഭാര്യ സൈനബ, മകൾ ഷഫീദ എന്നിവർ ആശുപത്രിവിട്ടു. സൈനബയുടെ ശരീരത്തിലുണ്ടായിരുന്നതടക്കം 15 പവൻ സ്വർണാഭരണവും അലമാരയിൽനിന്ന് 50,000ത്തോളം രൂപയും വിലകൂടിയ രണ്ട് മൊബൈൽ ഫോണുമാണ് വേലക്കാരി മോഷ്ടിച്ചതെന്ന‌് അവർ തിരൂർ സിഐ പി അബ്ദുൾ ബഷീറിന് മൊഴിനൽകി. 
 കവർച്ചക്കുശേഷം മാരിയമ്മയുടെ കൂടെയൊരാൾ ഉണ്ടായിരുന്നതായി നാട്ടുകാർ നൽകിയ സൂചനയെ തുടർന്നാണ് പൊലീസ് അന്വേഷണം വിപുലമാക്കിയത്. ഖാലിദലി, ഭാര്യ, മകൾ എന്നിവരെ മയക്കിയശേഷം കവർച്ചനടത്തി മുങ്ങിയ മാരിയമ്മയുടെകൂടെ ഒരു പുരുഷൻ ഉണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആ വഴിയിലേക്ക് നീങ്ങുന്നത്. ഞായറാഴ‌്ച പുലർച്ചെ അഞ്ചിന‌്  ആലിങ്ങലിലെത്തിയ മാരിയമ്മ കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോകുകയും ആറ്റിങ്ങലിൽ ഇറങ്ങുകയുമായിരുന്നെന്ന‌് പൊലീസ‌് പറഞ്ഞു. മാരിയമ്മയെ എത്തിച്ചുനൽകിയ സേലം സ്വദേശി ഗണേശനെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. ഗണേശൻ ഇടക്കിടെ മൊഴിമാറ്റുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. മാരിയമ്മയെ സേലത്തുനിന്നാണ് പരിചയപ്പെട്ടതെന്ന് ആദ്യംപറഞ്ഞ ഗണേശൻ പിന്നീട് തിരൂരിൽനിന്നാണെന്നും കോയമ്പത്തൂരിൽനിന്നാണെന്നും പറഞ്ഞ് മൊഴിമാറ്റുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്.

 

പ്രധാന വാർത്തകൾ
Top