17 December Monday

സൗഹൃദംനടിച്ച‌് വീട്ടമ്മയുടെ 70 പവൻ കവർന്ന 2 പേർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

 

പൊന്നാനി 
സൗഹൃദംനടിച്ച്  വീട്ടമ്മയിൽനിന്ന‌് 70 പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പൊലീസ‌് അറസ്റ്റ് ചെയ്തു. പൊന്നാനി ഇഴവത്തിരുത്തി തെയ്യങ്ങാട് വള്ളിക്കാട്ട് സിബിൻ (30),  സുഹൃത്ത് എരമംഗലം നായരങ്ങാടി സ്വദേശിനി തൈവളപ്പിൽ നിഷ (ഹൈറുന്നീസ﹣ 38) എന്നിവരെയാണ് സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എരമംഗലം സ്വദേശിനിയുടെ അക്കിക്കാവ് കമ്പിപ്പാലത്തെ ഭർതൃഗൃഹത്തിലാണ‌് തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായ യുവതിയുടെ നാട്ടുകാരിയാണ‌് നിഷ. വിവാഹാവശ്യത്തിന് അണിയാനെന്ന പേരിലാണ് 30 പവനോളം സ്വർണാഭരണങ്ങൾ നിഷ സ്വന്തമാക്കിയത്. പിന്നീട് ഫെയ്സ് ബുക്കിലൂടെ ഇവരുമായി സൗഹൃദം തുടർന്ന സിബിൻ പുതിയ കാറ് വാങ്ങാനെന്ന പേരിൽ 40 പവനോളം സ്വർണാഭരണങ്ങൾ പണയാവശ്യത്തിനായി വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടെ പല തവണ സ്വർണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വീട്ടുകാർ അറിയാതിരിക്കാൻ ഇതേ രൂപത്തിലുള്ള ഒരുഗ്രാം സ്വർണാഭരണങ്ങളാണ് തട്ടിപ്പിനിരയായ യുവതി അണിഞ്ഞിരുന്നത്.  യുവതിയുടെ ഭർത്താവിന്റെ സഹോദരിക്ക് സംശയംതോന്നിയതോടെയാണ് തട്ടിപ്പിന്റെ കഥ വീട്ടുകാർ അറിയുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് നാട്ടിലെത്തി  നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത‌്. എഎസ്ഐമാരായ സന്തോഷ്, ഗോപി, സിപിഒമാരായ ജാൻസി, താജി എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. കോടതി പ്രതികളെ റിമാൻഡ‌് ചെയ്തു.
പ്രധാന വാർത്തകൾ
Top