17 November Saturday

പൊന്നാനി പൂർവസ്ഥിതിയിലേക്ക്.

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

പൊന്നാനി
ഭാരതപ്പുഴ ശാന്തമായി ഒഴുകിത്തുടങ്ങിയതോടെ പൊന്നാനി പൂർവസ്ഥിതിയിലേക്ക്. ഗതാഗതവും വൈദ്യുതിബന്ധവും പൂർവസ്ഥിതിയിലായതോടെ നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് പൊന്നാനി കരകയറി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുകയാണ്. 2500ഓളം വീടുകളിലാണ് വെള്ളം കയറിയത്. പല മേഖലകളിലും വലിയ തോതിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിലായി 5500ഓളം പേരാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. നിരവധി കുടുംബങ്ങൾ ഉയർന്ന പ്രദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്കും മാറിയിരുന്നു. പൊന്നാനി നഗരസഭയിൽമാത്രം അഞ്ച് ക്യാമ്പുകളാണ് തുടങ്ങിയത്. പൊന്നാനി എവി ഹൈസ്കൂൾ, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്രവട്ടം പ്രൊജക്ട് ഓഫീസ്, ഐഎസ് എസ് സ്കൂൾ എന്ന‌ീ ക്യാമ്പുകളിലായി മൂവായിരത്തിലധികം പേരാണ് കഴിഞ്ഞിരുന്നത്. ക്യാമ്പുകളിൽനിന്ന്  തിരിച്ചെത്തുന്ന ദുരിതബാധിതരുടെ വീടുകൾ ചെളിയും മറ്റും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. മാത്രമല്ല പുഴയോരത്തെ പല മേഖലകളിൽനിന്ന‌് പാമ്പിനെയും മറ്റും കണ്ടതോടെ വീടുകളിലേക്ക് തിരിച്ച് പോവുന്നത് പ്രയാസകരമാണ്. വെള്ളപ്പൊക്ക ദുരിതം അവസാനിച്ചതോടെ ക്യാമ്പുകളിൽനിന്ന് ഉടൻതന്നെ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ച് പോവരുതെന്ന് അധികൃതർ അറിയിച്ചു. വീടുകൾ മുഴുവൻ വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്ത് നൂറ് ശതമാനം ഉറപ്പ് വരുത്തിമാത്രമേ മടങ്ങാവൂ എന്നാണ് നിർദേശം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top