22 September Saturday

ദേശാഭിമാനി 'കാടറിയാൻ' പ്രകൃതി പഠന ക്യാമ്പിന് തോൽപ്പെട്ടിയിൽ തുടക്കമായി

സ്വന്തം ലേഖകൻUpdated: Friday Jul 20, 2018

ദേശാഭിമാനി ‘കാടറിയാൻ’ പ്രകൃതി പഠന ക്യാമ്പ് അസി. വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ ഉദ്ഘാടനം ചെയ്യുന്നു

 

 
തോൽപ്പെട്ടി (വയനാട്)
കാടും മഴയനുഭവങ്ങളും പങ്കുവച്ച് ദേശാഭിമാനി 'കാടറിയാൻ' പ്രകൃതിപഠന ക്യാമ്പിന് വയനാട്ടിൽ തുടക്കമായി. ദേശാഭിമാനി മലപ്പുറം യൂണിറ്റ് വനം‐വന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട തോൽപ്പെട്ടി റെയ്ഞ്ചിലെ ബേഗൂരിൽ മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത‌്. വയനാട് വന്യജീവി സങ്കേതം അസി. വൈൽഡ്ലൈഫ് വാർഡൻ വി രതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ് അധ്യക്ഷനായി. 
തോൽപ്പെട്ടി ഫോറസ്റ്റ് സെക‌്ഷൻ ഓഫീസർ പ്രസന്നകുമാർ, ദേശാഭിമാനി വയനാട് ബ്യൂറോ ചീഫ് പി ഒ ഷീജ, മലപ്പുറം മാർക്കറ്റിങ‌് മാനേജർ നാഷ്കുമാർ എന്നിവർ സംസാരിച്ചു. ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് പി വി ജീജോ സ്വാഗതവും യൂണിറ്റ് അസി. മാനേജർ പി ശരത് നന്ദിയും പറഞ്ഞു. 
കുട്ടികളിൽ പ്രകൃതി ജീവിതം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംബന്ധിച്ച ക്ലാസുകൾ, വയനാട് വന്യജീവി സങ്കേതത്തിനകത്ത് ട്രക്കിങ‌്, വന്യജീവി ഫോട്ടോഗ്രഫി പരിശീലനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 
ക്യാമ്പിന്റെ ഒന്നാം ദിനത്തിൽ കാടനുഭവം എന്ന വിഷയത്തിൽ വന്യജീവി ഫോട്ടോഗ്രാഫർ എൻ എ നസീർ, പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ‘കേരളീയം’ എഡിറ്റർ ശരത്, പരിസ്ഥിതി പ്രവർത്തകൻ മുനീർ എന്നിവർ ക്ലാസെടുത്തു. വയനാടിന്റെ പരിസ്ഥിതിയും ആദിവാസി ജീവിതവും പ്രതിപാദിക്കുന്ന 'പതിനൊന്നാം സ്ഥലം'എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനവും നടത്തി. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
പ്രധാന വാർത്തകൾ
Top