20 September Thursday
സാധനങ്ങൾക്ക‌് ക്ഷാമം

വെള്ളപ്പൊക്കത്തിനുശേഷം കടകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
 
മലപ്പുറം
ദുരിതത്തിന് തെല്ല് ആശ്വാസമായി മൂന്ന് ദിവസത്തിനുശേഷം മലപ്പുറത്ത് കടകൾ തുറന്നതോടെ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വൻതിരക്ക്. 
ആഹാരസാധനങ്ങളടക്കം പലതും കിട്ടാതായതോടെ പലരും നിരാശയിലായി. ഇത് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം പ്രയാസം സൃഷ്ടിക്കുന്നു. ഗതാ​ഗതം പുനസ്ഥാപിച്ച് ശനിയാഴ്ച രാവിലെ പത്തോടെയാണ് കടകളും സ്ഥാപനങ്ങളും തുറന്ന് തുടങ്ങിയത്. 
പലചരക്ക്, പച്ചക്കറി കടകളിലായിരുന്നു കൂടുതൽ തിരക്ക്. അരി, പഞ്ചസാര, പലവ്യഞ‌്ജനസാധനങ്ങൾ, മെഴുകുതിരി, ബ്രഡ്, ബിസ്കറ്റ‌്, മുട്ട, പഴം, പാൽ എന്നിവക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. 
വാഹനങ്ങളിൽ ചരക്കുകൾ എത്തിക്കാൻ സാധിക്കാത്തതിനാൽ പല കടകളിലും സാധനങ്ങൾ കുറവാണ്.
 ടൗണിലും പരിസരങ്ങളിലും പൂർണമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. കടകളിൽ മെഴുകുതിരി കിട്ടാനില്ല.  പച്ചക്കറി, കടൽ മത്സ്യം, ഉണക്കമീൻ, കോഴിയിറച്ചി, ബീഫ് എന്നിവക്കും ക്ഷാമമാണ്. പുഴ കവിഞ്ഞൊഴുകി മലപ്പുറവും പരിസരവും വെള്ളക്കെട്ടിൽ മൂന്ന് ദിവസമാണ് ഒറ്റപ്പെട്ടത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങാൻ തുടങ്ങിയതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മാറിത്തുടങ്ങി. ശുചീകരണത്തിന് ചൂൽ, സോപ്പ് പൊടി, ഫിനോയിൽ, ബ്ലീച്ചിങ് പൗഡർ, ബക്കറ്റ് എന്നിവക്കെല്ലാം കടകളിൽ ആവശ്യക്കാരേറെയാണ‌്. ചേളാരിയിൽനിന്നും കോഴിക്കോട്ടുനിന്നും ഇന്ധന ടാങ്കറുകൾ എത്തിയതോടെ പമ്പുകൾ തുറന്നു. മണിക്കൂറുകളെടുത്താണ് വാഹനങ്ങൾക്കും കുപ്പികളുമായെത്തുന്നവർക്കും എണ്ണ ലഭിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top