Top
25
Sunday, June 2017
About UsE-Paper

സ്പീക്കറുടെ നിഷ്പക്ഷത അഴിമതിക്ക് കൂട്ടുനില്‍ക്കലല്ല: ശ്രീരാമകൃഷ്ണന്‍

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 പൊന്നാനി > നിയമസഭാ സ്പീക്കറുടെ നിഷ്പക്ഷതയെന്നാല്‍ അഴിമതിക്ക് കൂട്ടുനില്‍ക്കലല്ലെന്നും അഴിമതി ഏതുഭാഗത്തു നിന്നുണ്ടായാലും അതിനെതിരെ പ്രതികരിക്കേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഗോഡൌണില്‍നിന്ന് അരി കാണാതായ സംഭവത്തില്‍ ബാങ്ക് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതിനെതിരെ 'സ്പീക്കര്‍ സംസാരിക്കുന്നത് ലോക്കല്‍ സെക്രട്ടറിയുടെ ഭാഷയില്‍' എന്ന ആക്ഷേപവുമായി ബാങ്ക് പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ പി ടി അജയ്മോഹന്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.  
പാര്‍ടി ലോക്കല്‍ സെക്രട്ടറിയുടെ ജോലി തരംതാണ ജോലിയല്ല. ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച തനിക്ക് അത് സ്പീക്കറുടെ കടമ നിര്‍വഹിക്കുന്നതില്‍ സഹായകമായിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രേരിത ആരോപണങ്ങള്‍ ഉന്നയിക്കാനോ മുന്‍വിധിയോടുകൂടി പ്രശ്നങ്ങളെ സമീപിക്കാനോ സ്പീക്കറെന്ന നിലയില്‍ തയ്യാറായിട്ടില്ല. 
റേഷന്‍ കടകള്‍ വഴി വിതരണംചെയ്യേണ്ട ലോഡ് കണക്കിന് അരി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് കാണാതിരിക്കലല്ല സ്പീക്കറുടെ നിഷ്പക്ഷത. 
ജനാധിപത്യക്രമത്തില്‍ മാനദണ്ഡംപാലിച്ച് എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പുവരുത്തി സഭയെ നയിക്കുകയെന്ന ദൌത്യമാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി നിര്‍വഹിക്കേണ്ടത്. സ്പീക്കറെന്ന നിലയില്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും സ്പീക്കര്‍ പറഞ്ഞു. 
അരി വിതരണത്തില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.