Top
22
Thursday, June 2017
About UsE-Paper

ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 വേങ്ങര > വേങ്ങരയിലും പരിസരപ്രദേശങ്ങളിലും പകര്‍ച്ചപ്പനി പടരുമ്പോള്‍ ആശമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ദേശീയ ഗ്രാമീണ ആരോഗ്യദൌത്യത്തിന്റെ ഭാഗമായാണ് ആശാ വര്‍ക്കര്‍മാരെ നിയമിച്ചിരുന്നത്. പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച പല വാര്‍ഡുകളിലും ആശമാരുടെ സേവനം ലഭ്യമല്ല. വേങ്ങര പഞ്ചായത്തില്‍ 46 ആശാ പ്രവര്‍ത്തകര്‍ ഉണ്ടാകേണ്ടിടത്ത് 24 പേര്‍ മാത്രമാണുള്ളത്. 

ഊരകത്ത് 34 പേര്‍ വേണ്ടിടത്ത് 18ഉം കണ്ണമംഗലം, എആര്‍ നഗര്‍ പഞ്ചായത്തുകളിലും ആശമാരുടെ കുറവുണ്ട്. ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണത്തിലും മറ്റും പ്രധാന പങ്കുവഹിക്കേണ്ട ആശമാര്‍ ഇല്ലാത്തത് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കും. അതേസമയം, ചില പ്രദേശങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഇല്ലാത്തതും വകുപ്പിനെ ബാധിച്ചിട്ടുണ്ട്. 1000 പേര്‍ക്ക് ഒരു ആശ എന്ന തോതില്‍ വേങ്ങര പഞ്ചായത്തില്‍ 54 പേര്‍ ആവശ്യമാണെന്ന് വേങ്ങര ബ്ളോക്ക് എന്‍ആര്‍എച്ച്എം കോ-ഓഡിനേറ്റര്‍ സനൂപ് കണ്ണാട്ടി പറഞ്ഞു. പുതിയ ആശമാരെ നിയമിക്കേണ്ടതില്ലെന്നതാണ് നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. 
മെയ് 24ന് ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സമരത്തിന്റെ ഭാഗമായി സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറില്‍ സേവന വേതന വ്യവസ്ഥകളില്‍ മാറ്റംവന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച പുതിയ മാനദണ്ഡം വന്നാല്‍ മാത്രമേ പുതിയ ആശമാരെ നിയമിക്കാന്‍ കഴിയൂവെന്നും ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. ഷിബുലാല്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. എന്നാല്‍ ക്ളോറിനേഷന്‍, ഉറവിട കൊതുകു നശീകരണം, മാലിന്യനിര്‍മാര്‍ജനം എന്നിവക്കായി സന്നദ്ധ സേവനം വഴി പ്രവര്‍ത്തകരെ സ്വരൂപിക്കുന്നതിനും ആവശ്യമായ ഫണ്ട് ചെലവഴിക്കുന്നതിനും കഴിയും. ഇത് നിര്‍വഹിക്കുന്നതിനും  അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.