Top
27
Saturday, May 2017
About UsE-Paper

പൊന്നാനിയിലെ തരിശ് ഭൂമികള്‍ കതിരണിയുന്നു

Friday May 19, 2017
വെബ് ഡെസ്‌ക്‌
പൊന്നാനി > പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രദേശത്ത് കാലങ്ങളായി തരിശിട്ടുകിടന്നിരുന്ന വയലുകള്‍ കൃഷിയോഗ്യമാക്കുന്നു. ഇതിന്റെ ഭാഗമായി ഈഴുവത്തിരുത്തിയിലെ തരിശുഭൂമിയില്‍ കൃഷിയിറക്കി. കഴിഞ്ഞവര്‍ഷം പൊന്നാര്യന്‍ കൊയ്യും പൊന്നാനിയുടെ ഭാഗമായി അമ്പത് ഏക്കറില്‍ കൃഷിയിറക്കിയിരുന്നു. ഈ വര്‍ഷം 30 ഏക്കര്‍ തരിശുഭൂമിയില്‍ക്കൂടി കൃഷിയിറക്കി പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. ഇതുകൂടാതെ ഒരു ഹെക്ടറില്‍ കരനെല്‍കൃഷിയും ഒരു  ഏക്കറില്‍ ഔഷധ നെല്‍കൃഷിയും രണ്ട് ഹെക്ടറില്‍ വേനല്‍ പുഞ്ചകൃഷിയും നടത്തും. 
ഓണത്തിന് കൊയ്യാന്‍ പാകത്തില്‍ തൊണ്ണൂറാന്‍, തെക്കന്‍ ചീര, നവര എന്നിവയും നാട്ടുവിത്തുകളായ മസൂരി, കുറുവ, കൊക്കന്‍, തവളക്കണ്ണന്‍ തുടങ്ങിയവയും, പുതിയ വിത്തുകളായ ഐശ്വര്യ, പ്രത്യാശ, ശ്രേയസ്, ജ്യോതി തുടങ്ങിയവയും ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്. കാല്‍ നൂറ്റാണ്ടായി തരിശുകിടക്കുന്ന  ഈശ്വരമംഗലം പള്ളക്കളം പാടശേഖരത്ത് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ് ബഷീര്‍ വിത്തിടല്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ ധന്യ പതിയാരത്ത് അധ്യക്ഷയായി.