18 November Sunday

ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം സംസ‌്കരിച്ചു വെറ്റിലപ്പാറയിൽ കണ്ണീർമഴ

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ചപ്പോൾ കരയുന്ന ബന്ധു

 

 
ഊർങ്ങാട്ടിരി
വെറ്റിലപ്പാറ ഓടക്കയത്തെ ഉരുൾപൊട്ടലിൽ മരിച്ച നെല്ലിയായി ആദിവാസി കോളനി നിവാസികൾക്ക‌് കണ്ണീർമഴയോടെ യാത്രാമൊഴി. ചിരുത, മകൻ ഉണ്ണികൃഷ്ണൻ, ഭാര്യ അമ്പിളി, അമ്പിളിയുടെ സഹോദരി ഷിംല, നെല്ലിയായി സുന്ദരൻ, ഭാര്യ സരോജിനി, ചേന്നന്റെ ഭാര്യ മാത എന്നിവരാണ‌് വ്യാഴാഴ‌്ചയുണ്ടായ ദുരന്തത്തിൽ മരിച്ചത‌്. മൃതദേഹങ്ങൾ വെള്ളിയാഴ‌്ച പകൽ പന്ത്രണ്ടോടെ വെറ്റിലപ്പാറ ഹൈസ‌്കൂളിൽ പൊതുദർശനത്തിനുവച്ചു. മൃതദേഹങ്ങളുമായി ആംബുലൻസ‌ുകളെത്തുംമുമ്പേ വെറ്റിലപ്പാറ സ‌്കൂൾ പാത നിറയെ സ‌്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. ഇരച്ചെത്തിയ ദുരന്തത്തിൽ പരിക്കേറ്റവരും പ്രിയപ്പെട്ടവർക്ക‌് അന്ത്യയാത്രയേകാനെത്തി.  കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവർ കൺമുന്നിൽ നിശ‌്ചലമായി കിടക്കുന്നത‌് കാണാൻ പലർക്കും കെൽപ്പുണ്ടായില്ല.  മരിച്ചവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സ‌്കൂളിൽ കുഴഞ്ഞുവീണു.  
രക്ഷപ്പെട്ട കുഞ്ഞിനെയുമെടുത്ത‌് എത്തിയ പ്രേമൻ, ഭാര്യ ശാന്ത, മരിച്ച സുന്ദരന്റെയും സരോജിനിയുടെയും മകൻ സുജീഷ‌്,  ബന്ധുക്കളെയും ഉറ്റമിത്രങ്ങളെയും അവസാനമായി ഒരുനോക്ക‌്  കാണാനെത്തിയ ചിരുത, ഉഷ... എന്നിവർ നൊമ്പരക്കാഴ‌്ചയായി.  പ്രേമന്റെ പുതിയ വീട് ഉൾപ്പെടെ അഞ്ച‌് വീടാണ് ഒലിച്ചുപോയത്.  12 ലക്ഷം രൂപ വായ്പയെടുത്ത് പണിത വീട‌് നിലംപൊത്തിയിട്ടും കരയാതിരുന്ന പ്രേമൻ അമ്മ മാതയുൾപ്പെടെ പ്രിയപ്പെട്ടവരുടെ നിശ‌്ചലദേഹങ്ങൾ കാണാനാകാതെ പൊട്ടിക്കരഞ്ഞു. അമ്പിളിയും ഷിംലയും പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും അന്ത്യയാത്രനൽകാനെത്തി. 
ചിരുത, ഉണ്ണികൃഷ്ണൻ, സുന്ദരൻ, സരോജിനി, മാത എന്നിവരുടെ മൃതദേഹം ഊർങ്ങാട്ടിരി പഞ്ചായത്ത് പൊതുശ്മശാനത്തിലും അമ്പിളി, സഹോദരി ഷിംല  എന്നിവരുടെ മൃതദേഹങ്ങൾ നിലമ്പൂരിലെ വീട്ടുവളപ്പിലും സംസ‌്കരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top