20 September Thursday

രക്ഷാപ്രവർത്തനത്തിനിടെ ദുരന്തം

സ്വന്തം ലേഖകന്‍Updated: Friday Aug 17, 2018

 

 
കൊണ്ടോട്ടി
അനുജന്റെ വീടും സാധനങ്ങളും രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ ദുരന്തത്തിൽ കുടുങ്ങി. 
ചെറുകാവ് പഞ്ചായത്തിലെ കൊട്ടപ്പുറത്ത് അസ്‌കറിന്റെ വീട് തകർന്നുണ്ടായ ദുരന്തത്തിലാണ് സഹോദരനും ബന്ധുക്കളും മരിച്ചത്. അസ്‌കറിന്റെ സഹോദരൻ ബഷീറും കുടുംബവും മറ്റൊരു സഹോദരന്റെ ഭാര്യയും  മരിച്ചു. അസ്‌കറും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. 
സമീപ പ്രദേശത്ത് മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞ് വീടിന് സമീപത്തെ സാധനങ്ങൾ എടുത്തുമാറ്റുകയായിരുന്നു.  ബഷീറിന്റെ നേതൃത്വത്തിൽ പത്ത്‌ പേരാണ് അസ്‌കറിന്റെ വീട്ടിലേക്ക് പോയത്. വീടിന് പിന്നിലെ സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെ മലയിടിഞ്ഞ് കല്ലും മണ്ണും ഇവരുടെ ദേഹത്തേക്ക് പതിച്ചു. 
പത്ത്‌പേരും മണ്ണിനടിയിലായി. പ്രദേശവാസിയായ മുഹമ്മദാലിയുടെ പകുതിഭാഗം പുറത്തായതിനാൽ  രക്ഷപ്പെടുത്താനായി. രണ്ട് മണിക്കൂർ പണിപ്പെട്ടാണ് മുഹമ്മദാലിയെ മണ്ണിനടിയിൽനിന്ന് പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഹമ്മദാലിയാണ് കൂടുതലാളുകൾ മണ്ണിനടിയിൽ പെട്ടതായി അറിയിച്ചത്.
 വീടിന്റെ പിൻവശത്ത് മണ്ണിനടിയിൽപ്പെട്ടവരെ മൂന്ന് ജെസിബി ഉപയോഗിച്ച് മണ്ണു നീക്കിയാണ് പുറത്തെടുത്തത്. 
ഏഴ് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഒമ്പത് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.
പ്രധാന വാർത്തകൾ
Top