21 September Friday

സർക്കാർ ഉത്തരവായി ജില്ലയിൽ പ്ലസ‌് വണ്ണിന‌് 520 സീറ്റുകൾ കൂടി

സ്വന്തം ലേഖകൻUpdated: Wednesday Aug 15, 2018

 

 
മലപ്പുറം
ജില്ലയിലെ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിൽ പ്ലസ‌് വണ്ണിന‌് പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക‌് ആശ്വസിക്കാം. 
ജില്ലയിലെ എട്ട‌് സർക്കാർ സ‌്കൂളുകളിൽ 520 സീറ്റുകളിൽകൂടി പ്ലസ‌് വണ്ണിന‌് പ്രവേശനം നേടാൻ അവസരമൊരുക്കി സർക്കാർ ഉത്തരവ‌് ഇറങ്ങി. സയൻസ‌് ബാച്ചുകളാണ‌് മലപ്പുറത്തേക്ക‌് അധികമായി വരുന്നത‌്.
വിദ്യാർഥികൾ  ഇല്ലാത്ത  സംസ്ഥാനത്തെ മറ്റ‌്‌ ജില്ലകളിലെ പ്ലസ‌് വൺ ബാച്ചുകൾ അപേക്ഷകർ കൂടുതലുള്ള സ‌്കൂളുകളിലേക്ക‌് മാറ്റാനുള്ള ഹയർ സെക്കൻഡറി വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതാണ‌് ജില്ലക്ക് ഗുണകരമായത‌്. 
കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ഒമ്പത‌് സ‌്കൂളുകളിലെ പ്ലസ‌് വൺ ബാച്ചുകളാണ‌് മലപ്പുറത്തെ സ‌്കൂളുകളിലേക്ക‌് മാറ്റുന്നത‌്. 
ഇതിൽ ഏഴ‌് ‌സ‌്കൂളുകളിലെ എട്ട‌് സയൻസ‌് ബാച്ചുകൾ മാറ്റാൻ സർക്കാർ അംഗീകാരം നൽകി. ഈ സ‌്കൂളുകളിൽ ഇനി 65 സീറ്റുകളിൽവീതം പ്രവേശനം നൽകാൻ കഴിയും. 
താനൂർ ദേവധാർ, കോട്ടക്കൽ രാജാസ‌്,  നിലമ്പൂർ മാനവേദൻ, പുലാമന്തോൾ,  കരുവാരക്കുണ്ട‌്, മഞ്ചേരി, എടപ്പാൾ, തൃക്കാവ‌്  എന്നീ ഗവ. ഹയർ സെക്കൻഡറി സ‌്കൂളുകൾക്കാണ‌് പുതിയ ബാച്ചുകൾ ലഭിക്കുക. 
ഇതോടെ ഈ സ‌്കൂളുകളുടെ സമീപത്ത‌് വസിക്കുന്നവരും ദൂരെയുള്ള സ‌്കൂളുകളിൽ പ്രവേശനം നേടുകയുംചെയ‌്ത വിദ്യാർഥികൾക്ക‌് വീടിനടുത്തുള്ള സ‌്കൂളുകളിലേക്ക‌് മാറുന്നതിനുള്ള അവസരമാണ‌് ആദ്യം ലഭിക്കുക. 
വിവിധ സ‌്കൂളുകളിൽ പ്രവേശനം നേടിയവർക്ക‌് സ‌്കൂളും വിഷയവും മാറി പുതിയ ബാച്ചിൽ ചേരാൻ അവസരം ലഭിക്കും. 
ഇതിനുശേഷമായിരിക്കും പുതിയ ബാച്ചുകളിലേക്ക‌് ഏകജാലകംവഴിയുള്ള പ്രവേശനം. ഇതുവരെ പ്ലസ‌് വൺ പ്രവേശനത്തിന‌് അപേക്ഷ നൽകാത്ത വിദ്യാർഥികൾക്കും സ്വകാര്യ സ‌്കൂളുകളിൽ പ്രവേശനംനേടി പഠനം തുടങ്ങിയവർക്കും പ്രവേശനത്തിന‌് അപേക്ഷിക്കാം. 
പ്രവേശന നടപടി  ഏഴുദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന‌് ഹയർ സെക്കൻഡറി എഡ്യുക്കേഷൻ അക്കാദമിക‌് ജോ. ഡയറക്ടർ പി പി പ്രകാശൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top