20 April Friday

ചിറകു തളർന്ന് കരിപ്പൂർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
 
കരിപ്പൂർ > മുപ്പത് വയസ് പൂർത്തിയായ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും വികസന മുരടിപ്പിൽ. മുസ്ലീം ലീഗടക്കമുള്ള പാർടികളുടെ സമരാഭാസമാണ് തുറമുഖത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൂടുതൽ ഭൂമി ഏറ്റെടുത്തെങ്കിലേ വിമാനത്താവള വികസനം സാധ്യമാകൂ. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാൽ, ലീഗ് നേതൃത്വം അണികളെ സമരരംഗത്തിറക്കി ഇതിന് തുരങ്കംവക്കുകയാണ്. 
313 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസന അതോറിറ്റി ആവശ്യപ്പെട്ടത്. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനും വീടും പുരയിടവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. ഭൂ ഉടമകളിൽ ഭൂരിപക്ഷവും ഈ പാക്കേജിന് തയാറായപ്പോൾ ലീഗ് അനാവശ്യ സമരവുമായി രംഗത്തെത്തി. ഭൂമി ഏറ്റെടുക്കൽ പലയിടത്തും തടഞ്ഞു. ഇതോടെ ഗൾഫിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള, സംസ്ഥാനത്തെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളത്തിന്റെ വികസനം അടഞ്ഞു. ഇനി കണ്ണൂർ വിമാനത്താവളംകൂടി തുറക്കുന്നതോടെ കരിപ്പൂരിന്റെ പതനം പൂർണമാകുമെന്ന് യാത്രക്കാർ പറയുന്നു.  അതേസമയം, സർവീസ് കുറച്ചും വികസന ഫണ്ട് വകമാറ്റിയും കേന്ദ്രസർക്കാർ കരിപ്പൂരിനെ അവഗണിച്ചപ്പോൾ വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ലീഗ് എംപിമാരും എംഎൽഎമാരും അനങ്ങിയിട്ടുമില്ല.
ഹജ്ജ് എംബാർക്കേഷൻ പോയന്റ് കരിപ്പൂരിൽനിന്ന് എടുത്തുമാറ്റിയപ്പോഴും ലീഗ് നേതാക്കൾ മൗനത്തിലായിരുന്നു. സംസ്ഥാന സർക്കാർ എംബാർക്കേഷൻ പോയന്റ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെയും ലീഗ് പിന്തുണച്ചില്ല. അന്താരാഷ്ട്ര പദവി ലഭിച്ചതടക്കം പെട്ടന്നായിരുന്നു കരിപ്പൂരിന്റെ വളർച്ച. എന്നാൽ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് ഇത് പിറകോട്ടടിച്ചു. നിലവിലെ ടെർമിനലിനോട് ചേർന്ന് നിർമിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനലും റൺവേ എൻഡ് സേഫ്റ്റി ഏരിയാ നവീകരണവുമൊന്നും കരിപ്പൂരിന്റെ മതിയായ വികസനമായി കാണാനാവില്ല. വിമാനസർവീസുകൾ റദ്ദാക്കിയതടക്കം കിതപ്പിന്റെ പാതയിലാണ് വിമാനത്താവളം. സർവീസുകളുടെ എണ്ണവും ലാഭവും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് തുച്ഛമാണ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top