20 September Thursday

തുറുവാണത്ത‌് ബണ്ട‌് റോഡ‌് തകർന്നു താൽക്കാലിക പാതക്കുള്ള പ്രവൃത്തി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 

 
പൊന്നാനി > മാറഞ്ചേരി തുറുവാണത്ത് നിർമാണത്തിനിടെ ബണ്ട് റോഡ് തകർന്നു. ഇതോടെ ദ്വീപിലെ 160 കുടുംബങ്ങൾക്ക‌് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി. ശനിയാഴ‌്ച പുലർച്ചെ ആറിനാണ‌് ബണ്ട‌് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ‌്ന്നത‌്. നിറയെ പൂതച്ചേറുളള ഭാഗം  ഒന്നര മീറ്ററോളം താഴ‌്ന്നു. കിഴക്കേകോളിലേക്ക് മണ്ണിട്ട് നികത്താനായി  1000 ലോഡ് മണലാണ് തുറുവാണം ബണ്ട് റോഡുവഴി പോയത‌്. ഭാരവും അടിയിൽനിന്നുള്ള മണ്ണൊലിപ്പും ബണ്ട‌്റോഡിനെ ബാധിച്ചു. 
മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെടുന്ന ദ്വീപിലേക്ക് ഉയരത്തിൽ ബണ്ട് റോഡ് വേണമെന്ന ആവശ്യത്തെത്തുടർന്നാണ് എംഎൽഎ ഫണ്ടിൽനിന്ന‌് എഴുപത് ലക്ഷം രൂപ ചെലവഴിച്ച് ബണ്ട് പ്രവൃത്തി. 1983ൽ എംപി ഗംഗാധരൻ മന്ത്രിയായിരിക്കെയാണ‌് തുറുവാണം ദ്വീപിലേക്ക് നടക്കാൻ പാകത്തിൽ മണ്ണിട്ട് നികത്തിയത‌്. എന്നാൽ ശാസ‌്ത്രീയമല്ലാത്ത രീതിയിൽ വെറും മണ്ണിട്ട് നികത്തിയ റോഡ് തകർന്നു. പിന്നീട് പാലോളി മുഹമ്മദ‌്കുട്ടി മന്ത്രിയായിരിക്കെ 15 ലക്ഷം രൂപ ചെലവിൽ പുതുക്കിപ്പണിതു. വാഹന സൗകര്യം കൂടി കണക്കിലെടുത്ത് പി ശ്രീരാമകൃഷ്ണന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഉയർന്ന റോഡാക്കി മാറ്റിയത്.  റോഡ‌്തകർന്ന സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് പി എം ആറ്റുണ്ണി തങ്ങൾ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡ​ന്റ് അഡ്വ. ഇ സിന്ധു, സ്പീക്കറുടെ പ്രൈവറ്റ് അസി. സെക്രട്ടറി ടി ജമാലുദ്ദീൻ എന്നിവർ സന്ദർശിച്ചു.
   ദ്വീപ് നിവാസികൾക്ക്  താൽക്കാലിക റോഡ് നിർമിക്കാനുള്ള പ്രവൃത്തി തുടങ്ങി.  കിഴക്കേകോളിന്റെ ബണ്ടിലേക്ക് കൂട്ടിയോജിപ്പിച്ച് മണ്ണിട്ട് നികത്തിയാണ് താൽക്കാലിക പരിഹാരമുണ്ടാക്കുന്നത‌്. ബണ്ട് റോഡ് നിർമാണത്തിൽ വിദഗ്ദരായ ജിയോ ടെക്നിക്കൽ എൻജിനിയർമാരെ കൊണ്ടുവന്ന‌് എത്രയും വേഗം തകർന്ന ബണ്ട് റോഡിന്റെ നിർമാണത്തിന‌് നടപടിയെടുക്കുമെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top