Top
20
Monday, November 2017
About UsE-Paper

വൈദ്യുതി കിട്ടാക്കനിയായി ചാലിയാറിലെ 16 കുടുംബങ്ങള്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
ഇനിയും വൈദൃുതി ലഭിക്കാത്ത ചാലിയാര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍
ചാലിയാര്‍  > ചാലിയാര്‍ പഞ്ചായത്തിലെ 16 കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം ഇപ്പോഴും അകലെ. എഴാം വാര്‍ഡ് എരഞ്ഞിമാങ്ങാട്  അന്നുണ്ട, തണ്ണിപ്പൊയില്‍, ചൂരിക്കോട്, മണോടി പ്രദേശങ്ങളിലെ 16 കുടുംബങ്ങളാണ് വൈദ്യുതി  ലഭിക്കാതെ ഇരുട്ടില്‍ ഇപ്പോഴും ജീവിക്കുന്നത്.  വനം വകുപ്പിന്റെ അധീനതയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഇവരുടെ   ഭൂമി. അതിനാല്‍ വനം വകുപ്പിന്റെ കടുംപിടുത്തമാണ് ഈ കുടുംബങ്ങളെ ല്‍ ഇപ്പോഴും ഇരുട്ടില്‍ ജീവിപ്പിക്കുന്നത്. ആനപ്പാന്‍ നാരായണന്‍, ആനപ്പാന്‍കുഞ്ഞാവു, ആനപ്പാന്‍ പരമേശ്വരന്‍, കുന്നമംഗലത്ത്  വിജയന്‍, മണലില്‍കുടി സുബ്രന്‍   എന്നിവരുടെ കുടുംബങ്ങളില്‍ ഉന്നത പഠനം നടത്തുന്ന കുട്ടികള്‍വരെ ഉണ്ടായിട്ടും  മണ്ണെണ്ണ വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിലാണ് അവര്‍ അറിവിന്റെ   ലോകത്ത്  വളര്‍ന്നുകയറിയത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന ചെറിയ കുടുംബമാണ് അന്നുണ്ടയിലെ നാരായണന്റേത്. തന്റെ മൂന്ന് മക്കളെയും മണ്ണണ്ണെ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിപ്പിച്ചത്. കൃഷിപണിക്കാരനായ നാരായണന്റെ മൂന്ന് മക്കളില്‍ ആണ്‍മക്കള്‍ വിഷ്ണുവും നിവിനും ബിരുദധാരികളാണ്. മൂത്ത മകള്‍ ദീപ ബിഎഡ് പാസായി വിവാഹിതയാണ്. തന്റെ ആണ്‍മക്കളുടെ വിവാഹത്തിന് മുമ്പെങ്കിലും വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാരായണനും കുടുംബവും. നാരായണന്റെ ബന്ധു സഹോദരന്‍ കുഞ്ഞാവു അയല്‍ക്കാരനായി ഇതേ ദുരിതംപേറി ജീവിക്കുന്നു.
കുഞ്ഞാവും ഭാര്യയും മൂന്ന് മക്കളും വെളിച്ചമില്ലാത്ത തങ്ങളുടെ ഭവനത്തിലാണ്  കഴിയുന്നത്. കുഞ്ഞാവുവിന്റെ സഹോദരന്‍ പരമേശ്വരന്‍ ഇളയമകന്‍ അരുണിനെ റേഷന്‍കടയില്‍നിന്ന് ലഭിക്കുന്ന മണ്ണണ്ണെ വിളക്കിലാണ് പഠിപ്പിക്കുന്നത്. ഐടിഐ വിദ്യാര്‍ഥിയായ അരുണ്‍ പഠിക്കാന്‍ മിടുക്കനുമാണ്. തണ്ണിപ്പൊയില്‍ സ്വദേശികളായ സുന്ദര്‍രാജും വിജയനും വര്‍ഷങ്ങളായി വൈദ്യുതി ലഭിക്കാന്‍വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. സുന്ദര്‍രാജിന്റെ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ കാത്തിരിപ്പാണ് തങ്ങളുടെ വീട്ടിലും വെളിച്ചമെത്തുമെന്നുള്ളത്. കുടുംബത്തോടെപ്പം കഴിയുമ്പോഴും പെണ്‍കുട്ടിളായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി അഖിലയ്ക്കും പ്രൈമറി വിദ്യാര്‍ഥി അനാമികയ്ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ വെളിച്ചമുള്ള ഒരു വീട് എന്നത് സുന്ദര്‍രാജന്റെ സ്വപ്നമാണ്. 
വിജയന് മക്കളായ അവണ്യയുടെയും ആവണിയുടെയും പഠനത്തെ കുറിച്ചും ഭാവിയെ കുറിച്ചും ആശങ്ക വിട്ടൊഴിയുന്നില്ല. തങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാന്‍ എത്തുമെന്ന പ്രതീക്ഷ ഇവര്‍ കൈവിടുന്നില്ല. നിരവധി വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച വൈദ്യുതി വകുപ്പ് മന്ത്രികൂടിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഈ കുടുംബങ്ങളെ അവഗണിക്കുകയായിരുന്നു. വനാതിര്‍ത്തിയിലൂടെയുള്ള പാതയിലൂടെയാണ്  കുടുംബങ്ങള്‍ക്ക് വൈദ്യുതി വീടുകളിലെത്താന്‍.  അതിനാല്‍തന്നെ വനം വകുപ്പിന്റെ തടസ്സം വൈദ്യുതി ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായ ജില്ലയില്‍  റേഷന്‍കടയില്‍നിന്ന്  ലഭിക്കേണ്ട  അഞ്ച് ലിറ്റര്‍ മണ്ണെണ്ണ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായതിനാല്‍ 500 ഗ്രാം മണ്ണെണ്ണ മാത്രമാണ് ലഭിക്കുന്നത്.  ഇവരുടെ ദുരിതത്തിനുനേരെ    പി  കെ ബഷീര്‍  എംഎല്‍എ ഉള്‍പെടെയുള്ള  ജനപ്രതിനിധികള്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. പല പ്രാവശ്യം എംഎല്‍എയെ  നേരില്‍കണ്ട്  പരാതി കൈമാറിയെങ്കിലും മുടന്തന്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. 200  മീറ്റര്‍ മാത്രം വരുന്ന വനപ്രദേശ പരിധിയിലൂടെ  വൈദ്യുതി കണക്ഷന്‍ എടുത്താല്‍ മതിയെന്നിരിക്കെ  വനം വകുപ്പിന്റെ അനാസ്ഥയും കടുംപിടുത്തവുമാണ്  ഈ  കുടുംബങ്ങള്‍ നേരിടുന്നത്.  
വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍  ഒരു മരംപോലും മുറിക്കാതെ  വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ കഴിയുമെന്ന്  അധികൃതര്‍ അറിയിച്ചിട്ടും  വനം വകുപ്പ്  അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. വന്യമൃഗശല്യം നേരിടുന്ന പ്രദേശംകൂടിയാണ് തന്നുണ്ടയും തണ്ണിപൊയിലും.