Top
23
Thursday, November 2017
About UsE-Paper

ജില്ലാ ശാസ്ത്രോത്സവം ഇന്നുമുതല്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 

തിരൂര്‍ > ജില്ലാ ശാസ്ത്രോത്സവത്തിന് തിരൂരില്‍ തുടക്കമായി.  ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച നടന്നു. ഇനി മൂന്ന് നാള്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ശാസ്ത്ര പ്രതിഭകളുടെയും ഗണിത ശാസ്ത്രകാരുടെയും മത്സര പ്രദര്‍ശനങ്ങള്‍ അരങ്ങേറും. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 8500 കുട്ടികള്‍ മത്സരിക്കുന്ന ശാസ്ത്രോത്സവത്തില്‍ കുറ്റിപ്പുറം മേഖലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ വൊക്കോഷണല്‍ എക്സ്പോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച  പകല്‍ 11ന്  ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയില്‍ സി മമ്മുട്ടി എംഎല്‍എ  ഉദ്ഘാടനംചെയ്യും. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനാകും. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്രമേളയും ബിപി അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിതശാസ്ത്ര മേളയും ബിപി അങ്ങാടി ജിഎംയുപി സ്കൂളില്‍ എല്‍പി, യുപി വിഭാഗം ഗണിതശാസ്ത്ര മേളയും നടക്കും. ബിപി അങ്ങാടി ഡയറ്റില്‍ ഐടി മേള നടക്കും.
ബുധനാഴ്ച  രാവിലെ 9.30 മുതല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രവൃത്തി പരിചയമേള നടക്കും. ബിപി അങ്ങാടി ജിഎംയുപി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയും ബിപി അങ്ങാടി ഗേള്‍സില്‍ സാമൂഹ്യ ശാസ്ത്രമേളയും ഡയറ്റില്‍ ഐടി മേളയിലെ വിവിധ മത്സരങ്ങളും നടക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ ബിപി അങ്ങാടി ഗേള്‍സില്‍ സാമൂഹ്യ ശാസ്ത്ര മേളയും ഡയറ്റില്‍ ഐടിഎച്ച് എസ്, എച്ച്എസ്എസ് വെബ് പേജ് ഡിസൈനിങ് മത്സരം നടക്കും. തിരൂര്‍ ബോയ്സില്‍ എല്‍പി, യുപി വിഭാഗം പ്രവൃത്തി പരിചയമേളാ പ്രദര്‍ശനവും നടക്കും.
ബുധനാഴ്ച രാവിലെ 9.30ന് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൊക്കേഷണല്‍ എക്സ്പോ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് രണ്ട് ദിവസം പ്രദര്‍ശനം കാണാന്‍ സൌകര്യമൊരുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര്‍ കെ ബിനു അറിയിച്ചു.