20 June Wednesday

പറിച്ചുനട്ടെങ്കിലും 'പരീക്ഷണം' ബാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലേക്കു മാറ്റിയ ഗവ. വനിതാകോളേജില്‍ ബോട്ടണി ക്ളാസില്‍ ലാബുപകരണങ്ങള്‍ അടുക്കിവച്ചിരിക്കുന്നു.തിയറി ക്ളാസ് കഴിഞ്ഞു ഇവിടെ തന്നെയാണ് ഇവ സജ്ജീകരിച്ച് ലാബ് പരിശീലനം നടത്തുക

 

മലപ്പുറം > സ്വന്തമായി സ്ഥലവും ആവശ്യമായ സൌകര്യവും ഏര്‍പ്പെടുത്താതെ ആരംഭിച്ച ഗവ. വനിതാ കോളേജ് വാടക കെട്ടിടത്തിലേക്ക് പറിച്ചുനട്ടപ്പോഴും പരിമിതികള്‍ ബാക്കി. മുണ്ടുപറമ്പിലെ വാടക കെട്ടിടത്തില്‍ പുതിയ നാല് ക്ളാസ്മുറികള്‍ക്കുകൂടി ഒരുവിധം ഇടമുണ്ടാക്കാനായെങ്കിലും ലാബ് സൌകര്യത്തന് പുറത്തുപോകേണ്ട ഗതികേടാണ്. കോട്ടപ്പടിയില്‍ ബോയ്സ് സ്കൂളിന്റെ ഒഴിഞ്ഞ കെട്ടിടത്തില്‍ 2015 സെപ്തംബര്‍ 28ന് പ്രവര്‍ത്തനമാരംഭിച്ച കോളേജാണ് രണ്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സ്വന്തമായ സ്ഥലം കണ്ടെത്താനാകാതെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ബിഎസ്സി കെമിസ്ട്രി, ബോട്ടണി, ബിഎ ഇംഗ്ളീഷ്, ഇസ്ളാമിക് ഹിസ്റ്ററി എന്നീ നാല് കോഴ്സുകളിലായി 413 വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നു.
കെമിസ്ട്രി, ഫിസിക്സ് ലാബുകള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കാനാവില്ലെന്നതാണ് പുതിയ പ്രതിസന്ധി. കെമിസ്്ട്രി ലാബ് കോട്ടപ്പടിയിലെ ബോയ്സ് സ്കൂള്‍ കെട്ടിടത്തില്‍ തന്നെ തുടരും. ബോട്ടണി ലാബിന് ഇടമില്ലാത്തതിനാല്‍ പുതിയ വാടക കെട്ടിടത്തിലെ ക്ളാസ് മുറിയില്‍തന്നെ സജ്ജീകരിക്കേണ്ടിവന്നു. ലാബ് ഉപകരണങ്ങള്‍ ക്ളാസ് മുറിയുടെ അരികില്‍ കൂട്ടിവച്ചിരിക്കയാണ്. അധ്യയനത്തിനുശേഷം ഇവ പുറത്തെടുത്ത് ലാബ് ഒരുക്കണം.  ഫിസിക്സ് ലാബിനായി മുണ്ടുപറമ്പ് ഗവ.  കോളേജിനെ ആശ്രയിക്കേണ്ടിവരും. യൂണിവേഴ്സിറ്റി പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും അവിടേക്ക് പോകണം. കാലാവധിക്കുള്ളില്‍ നിശ്ചിത എണ്ണം എക്സ്പിരിമെന്റുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കോട്ടപ്പടിയിലും മുണ്ടുപറമ്പിലുമായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നെട്ടോട്ടമോടേണ്ടിവരും. മലപ്പുറം കോളേജിലെ കുട്ടികളുടെ ഊഴം കഴിഞ്ഞേ വനിതാ കോളേജിലെ കുട്ടികള്‍ക്ക് ലാബ് ഉപയോഗിക്കാനാകൂ. മൈതാനമോ വിസ്തൃതമായ മുറ്റമോ പുതിയ കെട്ടിടത്തിലില്ല. ഇടുങ്ങിയ ലൈബ്രറിയില്‍ സ്ഥലപരിമിതിമൂലം മുഴുവന്‍ പുസ്തകവും വയ്ക്കാനായിട്ടില്ല. ശുചിമുറികളുടെ എണ്ണം കൂട്ടാനുള്ള പണി പുരോഗമിക്കുകയാണ്്. സ്കൂളിന് ഓഡിറ്റോറിയം നിര്‍മിക്കാനായാണ് വനിതാ കോളേജിന് കെട്ടിടം ഒഴിയേണ്ടിവന്നത്. കാലാവധിക്കുള്ളില്‍ കെട്ടിടം ഒഴിഞ്ഞില്ലങ്കില്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് അനുവദിച്ച തുക നഷ്ടമാകുമായിരുന്നു. സ്വന്തമായി സ്ഥലം ഉറപ്പാക്കാതെ കോളേജ് തുറന്നതാണ് പ്രശ്നമായത്. കാരാത്തോട് ഇന്‍കെല്‍ ക്യാമ്പസില്‍ ഇഫ്ളുവിനായി മാറ്റിവച്ച സ്ഥലത്തുനിന്ന് കോളേജിന് കെട്ടിടം പണിയാനായി അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഇഴയുകയാണ്. എന്നാല്‍ കെഎസ്ഐഡിസിയും ഇന്‍കെല്ലും തമ്മിലുള്ള കരാറില്‍ ഇതിനനുസരിച്ച് മാറ്റം വരുത്തിയില്ല. 
25 അധ്യാപകരുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് സ്ഥിര നിയമനം. ഈ വര്‍ഷം ജൂണിലാണ് കെമിസ്ട്രി, ഇംഗ്ളീഷ് വിഷയങ്ങളില്‍ രണ്ട് പേരെ സ്ഥിരമായി നിയമിച്ചത്. ജില്ലയിലെ ഏക ഗവ. വനിത കോളേജിനെ പരിമിതികളില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ ഇടപടലുണ്ടാകണമെന്നാണ് വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത്. 
പ്രധാന വാർത്തകൾ
Top