Top
20
Wednesday, September 2017
About UsE-Paper

പരിമിതികള്‍ സീറ്റ് കൂട്ടാനും തടസ്സം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
മലപ്പുറം > അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഗവ. വനിതാ കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാനും കൂടുതല്‍ കുട്ടികള്‍ക്ക് പഠനാവസരമൊരുക്കാനും കഴിയുന്നില്ല. ചെറിയ ക്ളാസ് മുറികളില്‍ നിലവിലുള്ള  കുട്ടികള്‍ക്കുതന്നെ ഇരിക്കാനിടം കുറവാണ്. 12 ക്ളാസ് മുറികള്‍ വേണ്ടിടത്ത് പുതിയ വാടക കെട്ടിടത്തില്‍ 11 എണ്ണം മാത്രമാണുണ്ടായിരുന്നത്. ഒരു ക്ളാസ്മുറി രണ്ടാക്കിയാണ് 12 എണ്ണം തികച്ചത്. സ്ഥലപരിമിതിമൂലം ബോട്ടണി ക്ളാസില്‍ തന്നെയാണ് ലാബ്. ലാബ് അടക്കം അക്കാദമിക്- അടിസ്ഥാന സൌകര്യമില്ലാതെ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചാല്‍ കോഴ്സുകളുടെ അംഗീകാരവും കോളേജിന്റെ അഫിലിയേഷനും റദ്ദാവും.  
ഗവ. വനിതാ കോളേജില്‍ ബിരുദ സീറ്റുകള്‍ വെട്ടിക്കുറച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഗീത നമ്പ്യാര്‍ അറിയിച്ചു. 2015 -16 വര്‍ഷത്തിലാരംഭിച്ച സര്‍ക്കാര്‍ വനിതാ കോളേജില്‍ ഇംഗ്ളീഷ്, ഇസ്ളാമിക ചരിത്രം എന്നീ വിഷയങ്ങളില്‍ 40-ഉം കെമിസ്ട്രി, ബോട്ടണി വിഷയങ്ങളില്‍ 24-ഉം സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇത്രയും സീറ്റുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം പൂര്‍ത്തിയായി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ജിനല്‍ ഇന്‍ക്രീസ് വഴി അനുവദിച്ച അധിക സീറ്റുകളിലേക്കുകൂടി കഴിഞ്ഞവര്‍ഷം പ്രവേശനം നല്‍കിയിരുന്നു. 
എന്നാല്‍ പരിമിതമായ ഭൌതിക സൌകര്യങ്ങളുള്ള കോളേജില്‍ മാര്‍ജിനല്‍ ഇന്‍ക്രീസുവഴിയുള്ള അധികസീറ്റുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്തുക പ്രായോഗികമല്ല. നിലവിലുള്ള ക്ളാസ്റൂമുകളും ലാബും ഇപ്പോള്‍ പ്രവേശനം നേടിയ കുട്ടികളെ ഉള്‍ക്കൊള്ളാന്‍പോലും പര്യാപ്തമല്ല എന്നതിനാലാണ് മാര്‍ജിനല്‍ ഇന്‍ക്രീസുവഴിയുള്ള അധികസീറ്റുകളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നടത്താതിരുന്നത്. 
ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ അടുത്ത വര്‍ഷം ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് തടസ്സവുമില്ല. എന്നിരിക്കെ, സീറ്റുകള്‍ വെട്ടിക്കുറച്ചു എന്ന മട്ടിലുള്ള പ്രചാരണം ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവുമാണ്. നാനൂറിലധികം കുട്ടികളെ ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ ഇരുത്തി ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.