19 July Thursday

വെടിയുണ്ടകള്‍ 1971-ല്‍ നിര്‍മിച്ചത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018
 
മലപ്പുറം > കുറ്റിപ്പുറം പാലത്തിനുതാഴെ കണ്ടെത്തിയ വെടിക്കോപ്പുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കം. ഡയറക്ഷണല്‍ ബോംബുകള്‍ 1981-ലും വെടിയുണ്ടകള്‍ 1971-ലും പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള ചന്ദ്രാപ്പൂരിലെ ആയുധ നിര്‍മാണശാലയില്‍ നിര്‍മിച്ചവയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ക്യാമ്പ് ചെയ്യുന്ന സംഘം വെടിക്കോപ്പുകളുടെ വിവരം ആവശ്യപ്പെട്ട് സൈന്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയതായും അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാം പറഞ്ഞു.
ചന്ദ്രാപ്പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുണെയിലെയും ബേഹൂരിലെയും ആയുധശേഖര ഡിപ്പോയില്‍ അന്വേഷണം പൂര്‍ത്തിയാക്കി. വരുംദിവസങ്ങളിലും അന്വേഷണം തുടരും. ഓര്‍ഡനന്‍സ് ഫാക്ടറിയില്‍നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആയുധങ്ങള്‍ വിതരണംചെയ്യുന്നത്. ഫാക്ടറിയില്‍നിന്ന് ഡിപ്പോ, സബ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് സൈനിക യൂണിറ്റുകളിലേക്കും കൈമാറും. ഇത്തരത്തില്‍ രാജ്യത്ത് അഞ്ച് ഡിപ്പോകളും 41 സബ് ഡിപ്പോകളും ഒമ്പത് പരിശീലനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈയില്‍ ഡിപ്പോയും തിരിച്ചുറപ്പള്ളിയില്‍ സബ് ഡിപ്പോയും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സേനകള്‍ക്കുള്ള വിവിധതരം ബോംബുകള്‍, വെടിയുണ്ടകള്‍, ഷെല്‍, മൈന്‍, ഡിറ്റനേറ്റര്‍, റോക്കറ്റുകള്‍, സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്.
ഓര്‍ഡനന്‍സ് ഫാക്ടറി അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പഴക്കമുള്ള രേഖകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. പത്തുവര്‍ഷംവരെയുള്ള രേഖകള്‍ സൂക്ഷിച്ചാല്‍ മതിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശമുള്ളത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും  . 2008 മുതലാണ് സൈനിക വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്ന രേഖകള്‍ കംപ്യൂട്ടര്‍വത്കരിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top