19 September Wednesday

ഗാനവിരുന്നൊരുക്കി ടി എ റസാഖിനും ടി എ ഷാഹിദിനും പ്രണാമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ടി എ റസാഖ്‌ അനുസ്‌മരണത്തിന്റെ ഭാഗമായി നടന്ന ഗാനമേള

കൊണ്ടോട്ടി
കലാമൂല്യമുള്ള സിനിമകൾക്ക‌് തിരക്കഥയൊരുക്കി അകാലത്തിൽ പൊലിഞ്ഞ സഹോദരങ്ങൾക്ക‌് പാട്ടുപാടി നാടിന്റെ പ്രണാമം. തിരക്കഥാകൃത്തുക്കളായ സഹോദരങ്ങൾ ടി എ റസാഖിനെയും ടി എ ഷാഹിദിനെയുമാണ‌് നാട‌് ഇവരുടെ സിനിമയിലെ ഗാനങ്ങൾ പാടി അനുസ‌്മരിച്ചത‌്. 
മഹാകവി മോയിൻകുട്ടിവൈദ്യർ അക്കാദമിയിലായിരുന്നു ബുധനാഴ‌്ച ടി എ റസാഖ‌് അനുസ‌്മരണമൊരുക്കിയത‌്. ടി എ റസാഖും ടി എ ഷാഹിദും നെഞ്ചോട‌് ചേർത്ത തുറക്കൽ അരങ്ങ‌് ക്ലബ്ബാണ‌് പരിപാടി സംഘടിപ്പിച്ചത‌്. ടി എ റസാഖ‌് സഹസംവിധായകനായി ആദ്യം സിനിമയിലെത്തുന്ന ‘ധ്വനി’യിലെ ജാനകീ ജാനേ രാമാ എന്ന ഗാനത്തോടെയായിരുന്നു സംഗീത വിരുന്നിന്റെ തുടക്കം. റസാഖിന്റെ സുഹൃത്ത‌് റിട്ട. പൊലീസ‌് ഉദ്യോഗസ്ഥൻ സഹദേവൻ ചീരകൊട ഈ ഗാനമാലപിച്ചതും ശ്രദ്ധേയമായി. ജാനകീ ജാനേ എന്ന പാട്ട‌് സഹദേവന്റെ മധുരമൂറുന്ന ശബ്ദത്തിൽ പുറത്തേക്കൊഴുകിയെത്തിയതോടെ ആസ്വാദകർ ഒരു നിമിഷം എഴുന്നേറ്റ‌്നിന്ന‌് റസാഖിന‌് പ്രണാമമർപ്പിച്ചു. പിന്നീട‌് ടി എ ഷാഹിദിന്റെ ബാലേട്ടൻ എന്ന സിനിമയിലെ ‘ഇന്നലെ എന്റെ നെഞ്ചിലെ’ എന്ന ഗാനമാണ‌് വേദിയിൽനിന്ന‌് ഒഴുകിയെത്തിയത‌്. പ്രശസ‌്ത ഗായകൻ മണ്ണൂർ പ്രകാശിന്റെ ശബ്ദത്തിലായിരുന്നു ഈ ഗാനം. ഇതോടെ ആസ്വാദകർ തിരക്കഥാ സഹോദരങ്ങൾക്ക‌് മൗനത്തിന്റെ ഭാഷയിൽ പ്രണാമം തീർത്തു.
‘ആദ്യവസന്തമേ’ എന്ന ടി എ റസാഖിന്റെ വിഷ‌്ണുലോകത്തിലെ ഗാനം മുതൽ പെരുമഴക്കാലമെന്ന സിനിമയിലെ ‘കല്ലായി കടവത്തെ’, ധ്വനിയിലെ ‘മാനസ നിളയിൽ’ എന്ന ഗാനംവരെ 24 ഗാനങ്ങളാണ‌് ആലപിച്ചത‌്. മിനിയും ഷിഹാബ‌് അരീക്കോടും ഹമീദ‌് മേലങ്ങാടിയും വാഴയിൽ ഹനീഫയും തുടങ്ങി ടി എ റസാഖും ടി എ ഷാഹിദുമായി ബന്ധമുള്ളവരാണ‌് ഗാനമാലപിച്ചത‌്. സജി അരീക്കോടാണ‌് ഓർഗണിൽ വിരൽമീട്ടിയത‌്. മജേഷും കുഞ്ഞിമോനും തബലയിൽ താളമിട്ടു. സുരേഷ‌് പന്നിക്കോട‌് ഗിറ്റാറിലും ശ്രുതിമീട്ടി.
കൊണ്ടോട്ടിയിലെ ആദ്യകാല കലാകാരനും നാടകനടനും ടി എ റസാഖിന്റെ സുഹൃത്തുമായ കൊട്ടപ്പുറം ബിച്ചാപ്പു പരിപാടി ഉദ‌്ഘാടനംചെയ‌്തു.നൂറുകണക്കിന‌് പേരാണ‌് ബുധനാഴ‌്ച വൈദ്യർ അക്കാദമിയിൽ എത്തിയത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top