19 November Monday

പഠനം നടത്തണമെന്ന് ആവശ്യം നിറഞ്ഞ് നാളുകള്‍ക്കകം മെലിഞ്ഞ് നദികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പരിയങ്ങാട് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ

കാളികാവ് 
ആഴ്ചകൾക്ക് മുമ്പ് മലയോരത്തെ പ്രളയക്കെടുതിയിൽ മുക്കിയ പുഴകളും അവിശ്വസനീയമാംവിധം മെലിഞ്ഞിരിക്കുന്നു. കാട്ടരുവികളും ശോഷിച്ചു. നിറഞ്ഞൊഴുകിയ ജലാശയങ്ങളെല്ലാം പെട്ടെന്ന് വറ്റി കണ്ണുനീർ ചാലുകളാവുന്നത് നാട്ടുകാർക്കും അമ്പരപ്പിന് കാരണമായിട്ടുണ്ട്.  വരൾച്ചയുടെ ലക്ഷണമെന്ന ആശങ്കയും പരക്കുന്നുണ്ട്. മലയോരത്തുനിന്ന് ഉത്ഭവിക്കുന്ന ചാലിയാറിന്റെയും കടലുണ്ടിപ്പുഴയുടേയും പ്രധാന കൈവഴികൾ വറ്റിയ നിലയിലായി. പേമാരി മാറി ദിവസങ്ങൾ മാത്രം കഴിയുമ്പോഴേക്കാണ് അപ്രതീക്ഷിതമായ മാറ്റം. 
ചാലിയാർ പുഴയുടെ പ്രധാന കൈവഴിയായ കോട്ടപ്പുഴ, കല്ലംപുഴ, പരിയങ്ങാട് പുഴ, ചെറുപുഴ, കാളികാവ് പുഴ, ചോക്കാടൻ പുഴ തുടങ്ങിയവയെല്ലാം വറ്റിയ നിലയിലാണ്. കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളിയാർ, ഒലിപ്പുഴ തുടങ്ങിയവയേയും വരൾച്ച ബാധിച്ചു. പുഴകളിൽ വെള്ളം കുറയുന്നതിനനുസരിച്ച് കുടിവെള്ള സ്രോതസ്സുകളായ കിണറുകളിലെ ജലനിരപ്പും  ക്രമാതീതമായി താഴ്ന്നു. നിറഞ്ഞ കിണറുകളിലെ വെള്ളം പെട്ടെന്നാണ് ഉൾവലിഞ്ഞത്.
ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് മലവാരത്ത് നിരവധി കാട്ടുചോലകൾ പുതിയതായി രൂപപ്പെട്ടിരുന്നു. ഈ വെള്ളംകൂടി ചേരുന്നതോടെ മലയോരത്തെ പുഴകൾ വേനലിൽപോലും വറ്റാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തിയത്. എന്നാൽ ജല സ്രോതസ്സുകളിലുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. ചാലിയാറിന്റേയും കടലുണ്ടിപ്പുഴയുടെയും കൈവഴികളുടെ  ഉത്ഭവസ്ഥലങ്ങളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. രണ്ട് നദികളുടേയും കൈവഴികൾ വേർപിരിയുന്ന ചേറുമ്പ് കണ്ണത്ത് മലവാരങ്ങളിൽ ആറിടത്താണ് ഉരുൾപൊട്ടിയത്. ചാലിയാറിന്റെ ഉത്ഭവസ്ഥാനങ്ങളിൽ മാത്രം എട്ടിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. 
ഉരുൾപൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് വരൾച്ചയ്ക്കുള്ള പ്രധാന കാരണമായി പലരും കാണുന്നത്. മണ്ണിടിച്ചിലിൽ പുഴകളിലെ കുത്തൊഴുക്ക് കൂടിയതിനാൽ വെള്ളത്തിന്റെ ഒഴുക്ക് അതിവേഗത്തിലായെന്നാണ് കണ്ടെത്തൽ.  ഉരുൾപൊട്ടലിൽ മണ്ണും കല്ലും അടിഞ്ഞ്കൂടി പുഴയുടെ സ്വാഭാവികതയും നഷ്ടപ്പെട്ടു. ചെറിയ മഴ തുടർന്നിട്ടും പുഴകളുടെ വരൾച്ച വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയാക്കിയിട്ടുണ്ട്. പുഴകൾക്ക് സംഭവിച്ച പ്രശ്‌നങ്ങൾ പഠനവിധേയമാക്കണമെന്നാണ് ശാസ്ത്ര പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
പ്രധാന വാർത്തകൾ
Top