20 June Wednesday

ലീഗിന് ഉള്‍ഭയം, ചുവടുറപ്പിച്ച് എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

 

 
മലപ്പുറം > ഉരുക്കുകോട്ടയെന്ന് മേനി നടിക്കുമ്പോഴും ഒക്ടോബര്‍ 11-ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്ക് മുസ്ളിംലീഗ് നീങ്ങുന്നത് ഉള്‍ക്കിടിലത്തോടെ. ശക്തികേന്ദ്രമെന്ന് യുഡിഎഫും ലീഗും അവകാശപ്പെടുന്ന മണ്ഡലത്തില്‍ കരുത്തുറ്റ ചുവടുവയ്പ്പുമായി ഇടതുപക്ഷം ഉപതെരഞ്ഞെടുപ്പിന് തയ്യാര്‍. അസഹിഷ്ണുതയുടെ വാഴ്ച തുടരുന്ന ആര്‍എസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത് എല്‍ഡിഎഫിന് അനുകൂലഘടകമാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനപ്രീതിയും തുണയാകും. 
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയമടക്കം നിരവധി വെല്ലുവിളികളാണ് ലീഗിനുമുന്നിലുള്ളത്. അനുദിനം മലപ്പുറത്ത് ദുര്‍ബലമാകുന്നുവെന്ന ബോധ്യവും അവരെ കുഴക്കുന്നു.  മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയിട്ടും ഭൂരിപക്ഷത്തില്‍ ഇടിവുവന്നതിന്റെ ക്ഷീണം മാറുംമുമ്പാണ് വേങ്ങരയില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. മോഡി ഭരണത്തില്‍ വര്‍ധിതമായ ഫാസിസ്റ്റ് ഭീഷണിയും ആര്‍എസ്എസിന്റെ അതിതീവ്ര വര്‍ഗീയ അജന്‍ഡയും പ്രതിരോധിക്കാന്‍ ലീഗിനും കോണ്‍ഗ്രസിനുമാകുന്നില്ലെന്ന് വ്യക്തമായ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ലീഗിനെ എന്തിന് തെരഞ്ഞെടുക്കണമെന്ന ചോദ്യമാണ് പ്രധാന ചര്‍ച്ചയാവുക. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ വോട്ട് ചെയ്യാതിരുന്നതുള്‍പ്പെടെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് മറുപടി നല്‍കുക എളുപ്പമാവില്ല. 
 എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് വോട്ടര്‍മാരെ സമീപിക്കാനിറങ്ങുന്നത്. ക്ഷേമ-വികസനപദ്ധതികളുമായി പുതിയ കേരളസൃഷ്ടിക്ക് അടിത്തറയിട്ട പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനമാണ്  ഇതിന് അടിസ്ഥാനം. വിവിധവിഭാഗം ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കാത്ത ജനകീയ -വികസന ഇടപെടലുകള്‍ വേങ്ങരയില്‍ പ്രതിഫലിക്കും.രാജ്യത്ത് ബിജെപി അധികാരമേറ്റശേഷം മത-ന്യൂനപക്ഷവിഭാഗങ്ങളിലും മറ്റുമുണ്ടായ ഭീതിയും, അവര്‍ക്ക് ആശ്വാസവും തുണയുമേകുന്ന ഇടതുപക്ഷ നിലപാടുകളും എല്‍ഡിഎഫിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചതായി ലീഗണികള്‍തന്നെ സമ്മതിക്കുന്നു. വേങ്ങരയെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിലും വോട്ടര്‍മാര്‍ക്ക് മുന്നില്‍ ലീഗ് പ്രതിക്കൂട്ടിലാണ്. മണ്ഡലത്തിലെ വികസന മുരടിപ്പും അവര്‍ക്ക് വെല്ലുവിളിയാകും. 
 ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നെ സ്ഥാനാര്‍ഥിനിര്‍ണയം ലീഗ്് നേതൃത്വത്തിന് തലവേദനയായി. പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ പിന്‍ഗാമിയാകാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്തെത്തിയതാണ് പ്രധാന പ്രതിസന്ധി. മജീദിനെ തള്ളാനും കൊള്ളാനുമാകാത്ത നിലയിലാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയിലും താല്‍പ്പര്യം മജീദ് ആവര്‍ത്തിച്ചിരുന്നു. അഖിലേന്ത്യാ ട്രഷറര്‍ എം പി അബ്ദുസമദ് സമദാനി, അബ്ദുറഹ്മാന്‍ രണ്ടത്താണി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍, ജില്ലാ സെക്രട്ടറി അഷ്റഫ് കോക്കൂര്‍, പ്രവാസി ലീഗ് നേതാവ് പുത്തൂര്‍ റഹ്മാന്‍, യൂത്ത്്ലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിങ്ങനെ വേങ്ങരക്കായി കുപ്പായം തയ്പിച്ചിരിക്കുന്ന നേതാക്കളുടെ വലിയ നിരയുമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി അസ്ളുവിനും സീറ്റില്‍ കണ്ണുണ്ട്.
 2011-ല്‍ രൂപീകരിച്ച വേങ്ങര മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളാണുള്ളത് (എആര്‍ നഗര്‍, പറപ്പൂര്‍, ഒതുക്കുങ്ങല്‍, ഊരകം, കണ്ണമംഗലം, വേങ്ങര). പറപ്പൂരില്‍ എല്‍ഡിഎഫ് പിന്തുണയുള്ള ജനകീയ മുന്നണിയാണ് ഭരണം. 
വേങ്ങരയിലും കണ്ണമംഗലത്തും കോണ്‍ഗ്രസിനെ തഴഞ്ഞ് ലീഗാണ് അധികാരത്തില്‍. ഒതുക്കുങ്ങല്‍, ഊരകം, എ ആര്‍ നഗര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമാണെങ്കിലും കോണ്‍ഗ്രസ്-ലീഗ് ബന്ധം തികച്ചും ദുര്‍ബലമാണ്. 1,68,475 വോട്ടര്‍മാരാണ് വിധിനിര്‍ണയിക്കുക. 
 
പ്രധാന വാർത്തകൾ
Top