22 July Sunday

ആരോഗ്യം തകര്‍ക്കും ആ'ശങ്ക'കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017
 
മലപ്പുറം > സ്കൂളുകളില്‍ ആവശ്യത്തിന് ശുചിമുറികളില്ലാത്തതും ഉള്ളവ ഉപയോഗയോഗ്യമല്ലാത്തതിനാലും വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. മൂത്രാശയരോഗങ്ങളും അണുബാധയുമടക്കം ആരോഗ്യപ്രശ്നങ്ങള്‍ പെണ്‍കുട്ടികളില്‍ ഏറിവരുമ്പോഴും വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാഥമികസൌകര്യം ഏര്‍പ്പെടുത്താന്‍ പല സ്കൂളുകള്‍ക്കും കഴിഞ്ഞിട്ടില്ല. സാനിറ്ററി നാപ്കിനുകള്‍ സ്കൂളുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയും കാര്യക്ഷമമല്ല. ഉപയോഗശേഷം ഇവ നശിപ്പിക്കാനുള്ള സംവിധാനമൊരുക്കാത്തതും തലവേദനയായിട്ടുണ്ട്. പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചിമുറികളടക്കം അടിസ്ഥാനസൌകര്യം ഒരുക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. എന്നാല്‍, അണ്‍ എയ്ഡഡ് അടക്കം എല്ലാ സ്കൂളുകളിലും മിനിമം ശുചിമുറി  സൌകര്യംപോലും ഉറപ്പുവരുത്താനായിട്ടില്ല.  
  ജില്ലയില്‍ കഴിഞ്ഞവര്‍ഷം എയ്ഡഡ്-സര്‍ക്കാര്‍ വിഭാഗങ്ങളിലായി 345 സ്കൂളുകളില്‍ വിദ്യാഭ്യാസ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 960 മൂത്രപ്പുരകളും 1643 ടോയ്ലറ്റുകളും കുറവാണെന്നും കണ്ടെത്തി. സര്‍വശിക്ഷാ അഭിയാന്റെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്കൂള്‍ പിടിഎയുടെയും അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെയും ശ്രമഫലമായി ഏതാനും സ്കൂളുകളില്‍ അടിസ്ഥാനസൌകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്്. അണ്‍ എയ്ഡ്ഡ് സ്കൂളുകള്‍കൂടി കണക്കാക്കുമ്പോള്‍ നിലവില്‍ 1000 മൂത്രപ്പുരകളുടെയും 1750 കക്കൂസുകളുടെയും കുറവുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. തീരദേശ മേഖലയിലെ സ്കൂളുകളിലാണ് പ്രതിസന്ധി രൂക്ഷം.  
  ശുചിമുറികളുടെ അപര്യാപ്തതമൂലം സ്ഥിതി രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് എസ്എസ്എ ചില സ്കൂളുകളില്‍ അടിസ്ഥാനസൌകര്യം ഏര്‍പ്പെടുത്തുന്നുണ്ട്്. അറ്റകുറ്റപ്പണിക്കും  ശുചിമുറി നിര്‍മാണത്തിനുമായി ഈ വര്‍ഷം 4.33 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയും ലഭിച്ചു. വിവിധ സ്കൂളുകളിലായി പെണ്‍കുട്ടികളുടെ ടോയ്ലറ്റ് നിര്‍മാണത്തിന് 22.1 ലക്ഷം രൂപ നീക്കിവച്ചു. യൂണിറ്റിന് 1.3 ലക്ഷം വീതം 17 എണ്ണമാണ് നിര്‍മിക്കുക. രണ്ട് മുറികളാണ് ഒരു യൂണിറ്റ്. സാനിറ്ററി നാപ്കിനുകളടക്കം ഉപയോഗശേഷം നശിപ്പിക്കുന്നതിനുള്ള സൌകര്യത്തോടെയാണ് നിര്‍മാണം. പ്ളമ്പിങ് സൌകര്യവുമുണ്ടാകും. അംഗപരിമതര്‍ക്ക് സൌകര്യപ്രദമായ മൂന്ന് യൂണിറ്റ് ടോയ്ലറ്റ് നിര്‍മിക്കും. 1.2 ലക്ഷം രൂപവീതമാണ് ചെലവ്. ആണ്‍കുട്ടികള്‍ക്ക് 40 ടോയ്ലറ്റ് യൂണിറ്റുകള്‍ നിര്‍മിച്ചുനല്‍കും. 1,10,000 വീതം 44 ലക്ഷം രൂപയാണ് ചെലവ്. മൂന്ന് സ്കൂളുകളില്‍ ജീര്‍ണിച്ച കെട്ടിടങ്ങളുടെ പുനരുദ്ധരണാത്തിനായി ഒരുകോടി രൂപയും അനുവദിച്ചു. രണ്ട് പ്രൈമറി സ്കൂള്‍ കെട്ടിടം പൊളിച്ചുപണിയും. 8.6 ലക്ഷം രൂപ ഇതിന് അനുവദിച്ചു. ഗ്രാമീണ മേഖലയില്‍ 8.5 ലക്ഷം രൂപവീതം  ചെലവിട്ട് 29 ക്ളാസ് മുറികള്‍ അധികമായി നിര്‍മിക്കും. 2.46 കോടി രൂപയും ഇതിനായി അനുവദിച്ചു. 
  2016-17 വര്‍ഷം പെണ്‍കുട്ടികള്‍ക്കായി പത്തും ആണ്‍കുട്ടികള്‍ക്ക് 18ഉം ടോയ്ലറ്റ്  യൂണിറ്റ് എസ്എസ്എ നിര്‍മിച്ചുനല്‍കി. നാല് സ്കൂള്‍ കെട്ടിടം പുതുക്കിപ്പണിതു. 25 ക്ളാസ് മുറികളും നിര്‍മിച്ചു. മികച്ച കെട്ടിടങ്ങളുള്ള സ്കൂളുകള്‍പോലും ശുചിമുറിയടക്കം അടിസ്ഥാനസൌകര്യം നല്‍കുന്നില്ല. ശൌചാലയവും കെട്ടിട സുരക്ഷയും ഉറപ്പുവരുത്താത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടും ഫലമുണ്ടായില്ല. മൂത്രപ്പുരകള്‍ 40:1, കക്കൂസുകള്‍ 120:1 എന്ന പഴയ അനുപാതത്തില്‍പോലും ഭൂരിപക്ഷം സ്കൂളുകളിലും ലഭ്യമല്ല. ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സ്കൂളിലെ ശുചിമുറി  ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നത് മാത്രമല്ല, വെള്ളം കുടിക്കാന്‍ മടിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നുവെന്ന് ഡിഎംഒ ഡോ. കെ എ സക്കീന പറഞ്ഞു. ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് സ്കൂളുകളില്‍ സംയുക്ത പരിശോധന നടത്താന്‍ വിദ്യാഭ്യാസ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.  
 
പ്രധാന വാർത്തകൾ
Top