14 November Wednesday

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ലഹരി മാഫിയയുടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
താനൂർ 
റെയിൽവേ സ്റ്റേഷൻ പരിസരം ലഹരി മാഫിയയുടെ കൈയിൽ. വൈകിട്ടായാൽ പ്രദേശം തീർത്തും കഞ്ചാവ് മദ്യപസംഘങ്ങളുടെ താവളമാകുന്നു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് താനൂരെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാലാണ് സ്റ്റേഷനും  പരിസരങ്ങളും  ലഹരി മാഫിയ കൈയ്യടക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിസരത്ത് നടന്ന കത്തിക്കുത്തിൽപോലും ലഹരി മാഫിയയുടെ ഇടപെടലുണ്ട്.      വളരെ കുറഞ്ഞ ട്രെയിനുകൾക്ക് മാത്രമാണ് താനൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ട്രെയിൻ പോയിക്കഴിഞ്ഞാൽ പ്ലാറ്റ്ഫോം തീർത്തും വിജനമാകും. ഇതോടെ സാമൂഹ്യവിരുദ്ധർ ഇവിടെയെത്തുകയായി. മദ്യം, കഞ്ചാവ്, മറ്റ് മയക്കുമരുന്നുകൾ എന്നിവ ഇവിടെ സുലഭമാണ‌്. 
കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് താനൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിയാളുകളെ  പൊലീസ്, എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണി ചെന്നെത്തുന്നത് റെയിൽവേ സ്റ്റേഷൻ പരിസരത്തുതന്നെയാണ്.
റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ കഞ്ചാവ് മദ്യപസംഘങ്ങളുടെ സംഘർഷം പതിവാണെന്ന് പ്രദേശവാസികളും റെയിൽവേ സ്റ്റേഷനുസമീപത്തെ വ്യാപാരികളും പറഞ്ഞു. മൂന്നാം പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാ​ഗം മിക്കവാറും ഒഴിഞ്ഞുകിടക്കുന്നത് സാമൂഹ്യവിരുദ്ധർക്ക് സഹായമാവുകയാണ്. മാത്രമല്ല രാത്രിയിൽ വേണ്ടത്ര പ്രകാശം ഇല്ലാത്തതും  ഇരുവശത്തെയും ഉയർന്ന കുറ്റിക്കാടുകളും ഇവർക്ക് സഹായകമാകുന്നു.    താനൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നു. 
പ്രധാന വാർത്തകൾ
Top